പരമ്പരാഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ; ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ച് രാജ്യം
ജിദ്ദ: പരമ്പരാഗത കാഴ്ച്ചപ്പാടുകൾ അടിമുടി മാറ്റി സൗദി അറേബ്യ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സ്വിംസ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെൻറ് റെജിസ് റെഡ് സീ റിസോർട്ടിലാണ് വെള്ളിയാഴ്ച്ച സ്വിംസ്യൂട്ട് ഫാഷൻഷോ നടന്നത്. ‘റെഡ് സീ ഫാഷൻ വീക്കിൻറെ’ രണ്ടാം ദിവസമാണ് ഈ ചരിത്ര സംഭവം നടന്നത്.
സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച സൗദിയിലെ ആദ്യ ഫാഷൻ ഷോ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസലിൻറെ ഡിസൈനുകളാണ് പൂൾസൈഡ് ഷോയിൽ അവതരിപ്പിച്ചത്. കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് സ്യൂട്ടുകളായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ മേൽനോട്ടത്തിലുള്ള സൗദി വിഷൻ 2030 സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പ്രോഗ്രാമിൻറെ ഹൃദയഭാഗത്തുള്ള ബൃഹദ് പദ്ധതികളിലൊന്നായ ‘റെഡ് സീ ഗ്ലോബലിൻറെ’ ഭാഗമാണ് സെൻറ് റെജിസ് റെഡ് സീ റിസോർട്ട്.