മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെ കുട്ടികളെ കേരളത്തിലെത്തിച്ച് തിരുവല്ലയിലെ സത്യം മിനിസ്ട്രീസ്; 25ഓളം കുട്ടികളെ കാണാനില്ല, സിഡബ്ല്യുസി നടപടി

 മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെ കുട്ടികളെ കേരളത്തിലെത്തിച്ച് തിരുവല്ലയിലെ സത്യം മിനിസ്ട്രീസ്; 25ഓളം കുട്ടികളെ കാണാനില്ല, സിഡബ്ല്യുസി നടപടി

തിരുവല്ല: മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചെന്ന് കണ്ടെത്തൽ. തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി. കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ 56 ഓളം കുട്ടികൾ സത്യം മിനിസ്ട്രീസിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 19 ആൺകുട്ടികളും 9 പെൺകുട്ടികളും മാത്രമാണുള്ളതെന്നും കണ്ടെത്തി.

രണ്ട് മാസം മുൻപാണ് തിരുവല്ല കവിയൂരിലെ സ്ഥാപനം 56 കുട്ടികളെ മണിപ്പൂരിൽ നിന്ന് കൊണ്ടുവന്നത്. തുടർ വിദ്യാഭ്യാസത്തിനായി തിരുവല്ലയിലെ ഒരു സ്‌കൂളിൽ ഇവരെ ചേർത്തു. എന്നാൽ ബാലാവകാശ കമ്മീഷന്‍റെ അടക്കം മതിയായ അനുമതി വാങ്ങാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടി. രഹസ്യന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച് റിപ്പോർട്ട് എസ്‌പിക്ക് നൽകി. തുടർ നടപടിക്ക് ശിശു ക്ഷേമ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെയാണ് നിയമ ലംഘനം ബോധ്യമായത്. സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

തിരുവല്ല സത്യം മിനിസ്ട്രീസ് സ്ഥാപനത്തിൽ 56 കുട്ടികളാണ് ആദ്യം ഉണ്ടായിരുന്നത്. പരാതിയും പരിശോധനയും തുടങ്ങിയതോടെ കുറച്ച് കുട്ടികളെ നടത്തിപ്പുകാർ മണിപ്പൂരിലേക്ക് തിരികെ അയച്ചെന്നാണ് വിവരം. നിലവിൽ 19 ആൺകുട്ടികളും 9 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. തുടർ നിയമ നടപടിക്കായി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും ശിശു ക്ഷേമ സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *