5439 രൂപക്ക് മസ്കറ്റിൽ നിന്നും കേരളത്തിലെത്താം; കിടിലൻ ഓഫറിനെ കുറിച്ച് കൂടുതലറിയാം…
മസ്കറ്റ്: ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴിതാ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. മസ്കറ്റ്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട സർവീസുകൾക്കാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക.
ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. മസ്‌കറ്റിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡൽഹി, ജയ്പൂർ ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.
ഈ മാസം 31ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്. അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജിന് അധികം തുക നൽകേണ്ടതുണ്ട്. സെപ്തംബർ 15നും ഡിസംബർ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ക്രിസ്തുമസിന് നാട്ടിലെത്താൻ പദ്ധതിയിടുന്നവർക്ക് വലിയ സഹായമാണ് സലാം എയറിന്റെ ഈ ഓഫർ.