‘അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം; കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള തീരുമാനത്തിന് കാരണം അത്’; സജിനും കുടുംബവും വയനാട്ടിലേക്ക് തിരിച്ചു
ഇടുക്കി: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക. നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയിൽ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തകരിലേക്ക് എത്തിയെന്ന് കരുതുന്ന വ്യത്യസ്തമായ ഒരു അഭ്യര്‍ഥന ചർച്ച ആയിരുന്നു. ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് കഴിഞ്ഞ ദിവസം ഏറെ വൈറലായത്.
അങ്ങനെയൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണം വ്യക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ ഇടുക്കി സ്വദേശി സജിനും ഭാര്യയും. ദുരിതത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒട്ടേറെ കുഞ്ഞുങ്ങളുണ്ട്. ഈ അവസരത്തിൽ സാമ്പത്തിക സഹായം നൽകുകയെന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് സാധ്യമായ സഹായമെന്ന നിലയിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും സജിൻ പറഞ്ഞു. അതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.
ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു. അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.
നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒരുപാട് കുടുംബങ്ങൾ മണ്ണിനടിയിലായി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ടാവും. അങ്ങനെയുള്ളവരെ സഹായിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സജിൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടതോടെ വയനാട്ടിൽ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാൻ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികൾ. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് യാത്ര തിരിച്ചത്. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിൻ. കഴിയുന്നതും വയനാട്ടിൽ നിന്ന് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം.
സജിനെയും ഭാര്യയയെയും അഭിനന്ദനമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കരുത്തോടെ ഒന്നിച്ചു നിൽക്കാമെന്ന് ഉറക്കെയുറക്കെ പറയാൻ ഇത്തരം മനുഷ്യരുള്ളപ്പോൾ നമുക്കെങ്ങനെയാണ് തോറ്റുകൊടുക്കാനാവുക. അങ്ങനെ ആ നാടിനെ കൈവിടാൻ നമുക്കാവില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് മലയാളികൾ. പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പാണ് എവിടെയും കാണാനാവുന്നത്.