ഹൃദയ ശസ്ത്രക്രിയയ്ക്കിടെ മിസൈല്‍ വര്‍ഷം, യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യന്‍ ആക്രമണം; 31 പേര്‍ മരിച്ചു
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യന്‍ മിസൈലാക്രമണം. വിവിധയിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 154 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവ് അടക്കം 5 നഗരങ്ങളെ ലക്ഷ്യമാക്കി നാല്‍പതോളം മിസൈലുകള്‍ ഉപയോഗിച്ചാണ് പകല്‍ സമയത്ത് റഷ്യ ആക്രമണം നടത്തിയത്. കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയിലാണ് ഒരു മിസൈല്‍ പതിച്ചത്.
വ്യത്യസ്ത തരത്തിലുള്ള 40 ലധികം മിസൈലുകള്‍ അഞ്ച് നഗരങ്ങളെ ലക്ഷ്യമിട്ടതായി യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. റക്ഷഷ്യയുടെ 30 മിസൈലുകള്‍ തകര്‍ത്തതായി യുക്രൈന്‍ വ്യോമസേനയും അറിയിച്ചു.
നാല് മാസത്തിനിടെ കീവില്‍ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണിത്. കീവ് നഗരത്തിലെ 10 മേഖലകളില്‍ ഏഴിലും റഷ്യ മിസൈല്‍ ആക്രമണം നടത്തി. കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രി കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. ആക്രമണത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്.
ഹൃദ്രോഗികളുടെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും ശസ്ത്രക്രിയ തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മധ്യ യുക്രൈനിലെ സെലന്‍സ്‌കിയുടെ ജന്മസ്ഥലമായ ക്രിവി റിഹില്‍ നടന്ന ആക്രമണത്തില്‍ 10 പേരും കൊല്ലപ്പെട്ടു.
യുഎസിലെ വാഷിങ്ടണില്‍ 3 ദിവസത്തെ നാറ്റോ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നാണ് റഷ്യയുടെ ആക്രമണം. വിവിധ തരം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആശുപത്രികള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ തളളി. യുക്രൈന്‍ സൈനീക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം പറഞ്ഞു.