എ.ഡി.ജി.പി അജിത്കുമാർ താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി
കോഴിക്കോട്: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാർ താനുമായി കൂടിക്കാഴ്ച നടത്തിയത് യാദൃശ്ചികമായെന്ന് ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി. മുന്‍കൂട്ടി തീരുമാനിച്ച ഒരു കൂടിക്കാഴ്ചയായിരുന്നില്ല മറിച്ച് അത് അവിചാരിതമായിരുന്നെന്നും അഞ്ചുമിനിറ്റില്‍ താഴെ മാത്രമാണ് സംസാരിച്ചതെന്നും തില്ലങ്കേരി പറഞ്ഞു. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാൻ ഹോട്ടലില്‍ എത്തിയപ്പോൾ അവിടെ വെച്ചാണ് അവിചാരിതമായി എം.ആര്‍. അജിത്കുമാറിനെ കണ്ടത്.
രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്. ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നും ആര്‍.എസ്.എസ്സിന്റെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് നാലിന് കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വത്സന്‍ തില്ലങ്കേരി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചു. കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി.ക്കും കൈമാറിയിട്ടുണ്ട്.
വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേദിവസം എ.ഡി.ജി.പി.യും തൃശ്ശൂരിലുണ്ടായിരുന്നു.
സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ പോയിരുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയേ തീരൂ എന്ന തങ്ങളുടെ ശക്തമായ നിലപാട് അറിയിക്കാനാണ് മുഖ്യമന്ത്രിയെ നേരിൽകണ്ടത്. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചതില്‍ പുനരന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.