റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ ഒരു പൊലീസുകാരനും
ഹൈദരാബാദ്: ഹൈദരാബാദിൽ നടുറോഡിൽ വെച്ച് റോയൽ എൻഫീൾഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്. മോഗൽപുരയിലെ ബിബി ബസാറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരു പൊലീസുകാരനുമുണ്ട്. ബിബി ബസാറിൽ എത്തിയ ഉടൻ തന്നെ ബൈക്കിന് തീപിടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. ബൈക്ക് ഓടിച്ച യുവാവ് ഉടൻ തന്നെ ചാടിയിറങ്ങി.
ആളുകൾ വെള്ളമൊഴിച്ചും മറ്റും തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും നിമിഷങ്ങൾ നിന്ന് കത്തിയതിന് പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു. ചുറ്റിലും നിന്ന ആളുകൾ ദൂരേക്ക് തെറിച്ച് വീണതിന് പിന്നാലെ ദേഹത്ത് തീയുമായി പ്രാണരക്ഷാർഥം ഓടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബൈക്ക് ഓടിച്ചയാൾക്ക് പരിക്കുകളില്ലെന്നാണ് വിവരം.