വിഷം കലർന്ന ടൂത്ത് പേസ്റ്റ് മുതൽ പേജർ വരെ; വീണ്ടും ചർച്ചകളിൽ നിറഞ്ഞ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്’
ലെബനനിലെ ഹിസ്ബുള്ള സായുധ സംഘം ഉപയോഗിച്ചിരുന്ന പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധിപേർ കൊല്ലപ്പെടുകയും ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു. പേജർ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രയേലിനെയും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനെയും കുറിച്ച് അറിയാവുന്ന ഒരാളും ആ സാധ്യത തള്ളിക്കളയുന്നില്ല. ലോക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത യുദ്ധതന്ത്രം പയറ്റാൻ ഇസ്രയേലിനും അവരുടെ ചാരസംഘടനയായ മൊസാദിനും മാത്രമേ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ ശത്രുഹത്യകളുടെ ചരിത്രത്തെക്കുറിച്ചു പറയുന്ന ഒരു പുസ്തകം വീണ്ടും ചർച്ചകളിൽ നിറയുന്നത്. ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രയേൽ ടാർഗെറ്റഡ് അസാസിനേഷൻസ്’ എന്ന പുസ്കതം ഇസ്രയേൽ എങ്ങനെയാണ് രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ നേരിടുന്നത് എന്ന് വിശദമാക്കുന്നുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനായ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയതാണ് ഈ പുസ്തകം.
കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രിമാരായ യഹൂദ് ബറാക്, യഹൂദ് ഓൾമെർട്ട്, വിവിധ രാഷ്ട്രീയ വ്യക്തികള്‍, രഹസ്യ ഏജന്റുമാര്‍ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകളുടെ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി രചിച്ച പുസ്തകമാണിത്. ആയിരക്കണക്കിന് രേഖകളാണ് പുസ്തകരചനയ്ക്കായി രചയിതാവ് പരിശോധിച്ചത്.
ഇരകളുടെ മേലുള്ള നിരീക്ഷണം, കൊലപാതകത്തിനായുള്ള റിക്രൂട്ട്മെന്റ്, കൊലപാതകം എന്നിവ നടത്താൻ ഇസ്രയേൽ ഉപയോഗിച്ച രീതികൾ പുസ്തകത്തിൽ വിവരിക്കുന്നു. വിഷം കലർന്ന ടൂത്ത് പേസ്റ്റ്, ആശയവിനിമയ ഉപകരണങ്ങളായി പേജറുകൾ, സായുധ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ, റിമോട്ട് നിയന്ത്രിത ബോംബുകളുള്ള സ്പെയർ ടയറുകൾ, ശത്രുരാജ്യങ്ങളുടെയും സംഘടനകളുടെയും ശാസ്ത്രജ്ഞരെ കൊലപ്പെടുത്തൽ, രഹസ്യ ബന്ധങ്ങൾ കണ്ടെത്തൽ തുടങ്ങിയവയാണ് ഇതിൽ ചിലത്.
അറബ് അയൽക്കാരിൽനിന്ന് ഇസ്രയേല്‍ അസ്തിത്വ ഭീഷണികൾ നേരിട്ട നാളുകളെക്കുറിച്ചു പറഞ്ഞാണ് പുസ്തകം തുടങ്ങുന്നത്. ഇതിന് മറുപടിയെന്നോണം, രാജ്യത്തിന് അപകടകരമെന്നു കരുതുന്ന വ്യക്തികളെ തിരിച്ചറിയാനും ഇല്ലാതാക്കാനുമായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ വികസിപ്പിച്ചെടുത്തതാണ് പല ‘ഓപ്പറേഷനുകളും’. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ ‘ഉന്മൂലന പരിപാടി’ ആഗോളതലത്തിൽ വികസിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മറ്റേതൊരു പാശ്ചാത്യ രാജ്യത്തെക്കാളും കൂടുതൽ, ഇസ്രയേൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പുസ്തകം വാദിക്കുന്നു. ബ്രിട്ടിഷ് സർക്കാർ ഉദ്യോഗസ്ഥർ, ഹമാസ്, ഹിസ്ബുല്ല, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) നേതാക്കൾ, ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മൊസാദ്, ഷിൻ ബെറ്റ് തുടങ്ങിയ ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇസ്രായേൽ ‘ഓപ്പറേഷനായി’ ഉപയോഗിച്ച വ്യക്തികളെ കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും അതിൽ വിശദമാക്കുന്നു.
ഇസ്രയേലിന്റെ അതിജീവനത്തെക്കുറിച്ചു പറയുന്ന ഈ കൃതി മൊസാദിന്റെയും അമന്റെയും മറ്റു രഹസ്യാന്വേഷണ ഏജൻസികളുടെയും ജനനത്തെക്കുറിച്ചും അവരുടെ ശത്രുരാജ്യങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും പറയുന്നു. ഇസ്രയേലിന്റെ നയരൂപീകരണ–രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന ധാർമിക പ്രതിസന്ധികളെകുറിച്ചും ഇരകളുടെ കുടുംബങ്ങളും ആക്രമണങ്ങളിൽനിന്നു രക്ഷപ്പെട്ടവരും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഈ പുസ്തകം പ്രതിപാധിക്കുന്നു.