മദ്യപിച്ച് കാറോടിച്ചെന്നആരോപണം, വീഡിയോ പ്രചരിപ്പിക്കൽ: മാധ്യമപ്രവർത്തകനെതിരെ മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ
മുംബൈ: അമിതവേഗതയിൽ കാറോടിച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനെതിരെ മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ. സമൂഹമാധ്യമമായ എക്സിൽ ഷെയർ ചെയ്ത വീഡിയോ അടിസ്ഥാനമാക്കി ഫ്രീലാൻസ് മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്നയാൾക്കെതിരെയാണ് കേസ് നൽകിയത്.
രവീണക്കെതിരായ ആരോപണം വ്യാജമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതാണെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് രവീണയുടെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ പ്രശ്നത്തിൽ നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും അഭിഭാഷക അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മുംബൈ ബാന്ദ്രയിലായിരുന്നു കോലാഹലങ്ങൾക്കാധാരമായ സംഭവം. അമിതവേഗതയില്‍ മദ്യപിച്ച് കാറോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചു എന്നുമാണ് പരാതി ഉയര്‍ന്നത്. പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ രവീണ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയിരുന്നു. കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിച്ചുവെന്നും വിവരങ്ങളുണ്ട്. ഇരുകൂട്ടരും പൊലീസിൽ പരാതിയും നൽകി. വ്യാജ പരാതിയാണെന്നും പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പിന്നീട് പറഞ്ഞു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് നടിയും രംഗത്തുവന്നിരുന്നു. പിന്നാലെ ഇരുകൂട്ടരും പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.