‘കേന്ദ്രത്തിലേക്ക് നേരിട്ട് സീറ്റ് തരാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്’; രഞ്ജു രഞ്ജിമാർ രാഷ്ട്രീയത്തിലേക്ക്?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജു രഞ്ജിമാർ. വർഷങ്ങളായി മേക്കപ്പ് രംഗത്ത് സജീവമാണ് രഞ്ജു. കേരളത്തിന് പുറമേ ദുബായിലും ബിസിനസ് നടത്തുന്നുണ്ട്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു വന്നതാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലെത്തിയത്. ഒരുപാട് കഠിനാധ്വാനം ചെയ്ത രഞ്ജു തന്റെ ജീവിതകഥ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതുപോലെതന്നെ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് രഞ്ജു. സ്വന്തം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്നതിന്റെ പേരിൽ പലപ്പോഴും ഭീഷണികളും നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് നിരവധി ഓഫറുകൾ വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രഞ്ജു.
“എനിക്ക് ഇതുവരെ നാട്ടുകാരിൽ നിന്ന് ഒരു തരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. കാരണം തുടക്ക കാലം മുതൽക്കേ അവർ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ ഐഡന്റിറ്റിയെ സംബന്ധിച്ച് ഞാൻ തന്നെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. അതൊന്നും മറ്റുള്ളവർ കാരണമല്ല. ഞാൻ ഞാനായിട്ട് മാറിയപ്പോൾ എന്റെ നാട്ടുകാർ എനിക്കൊപ്പം തന്നെ നിന്നു. പഞ്ചായത്ത് ഇലക്ഷന് നിൽക്കാൻ വേണ്ടി എന്റെ നാട്ടുകാർ എന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്.”
“സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് മത്സരിക്കണമെന്നാണ് അവർ പറയുന്നത്. എന്നാൽ എനിക്ക് അത്തരത്തിൽ സാധിക്കില്ല. കാരണം ഞാൻ ഒന്നുമല്ലാതെ നിന്നപ്പോൾ എനിക്ക് ദൈവമായിട്ട് തന്ന വഴിയാണ് മേക്കപ്പ്. ഈ മേഖല വിട്ട് മറ്റൊരിടത്തേക്ക് പോകാൻ എനിക്ക് പറ്റില്ല. മരണം വരെ ഈ മേഖലയിൽ തന്നെ പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ശരിക്കും ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നിട്ടുണ്ട്. കേന്ദ്രത്തിലേക്ക് നേരിട്ട് സീറ്റ് തരാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്.”
പക്ഷേ അതിനോടൊന്നും ഇപ്പോൾ രഞ്ജുവിന് താത്പര്യമില്ലെന്നാണ് പറയുന്നത്. ഈ വിഷയത്തെ കുറിച്ച് സൂര്യ ഇഷാനോട് സംസാരിച്ചപ്പോൾ ആ ഓഫർ സ്വീകരിക്കുവാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ താൻ ഇപ്പോൾ ദുബായിലെ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തന്നെ വിശ്വസിച്ച് ഒരുപാട് തൊഴിലാളികൾ ജീവിക്കുന്നുണ്ട്. അവരെ ഒറ്റപ്പെടുത്താൻ സാധിക്കില്ലെന്നും രഞ്ജു പറഞ്ഞു. എന്നാൽ ആ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ ഒരു ചരിത്ര മുഹൂർത്തം തന്നെയാവും എന്നതിൽ സംശയമില്ല. അത്രയും വലിയ രാഷ്ട്രീയ കക്ഷിയാണ് തന്നെ ക്ഷണിച്ചതെന്നും രഞ്ജു കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്ത് പല തരത്തിലും രഞ്ജു പ്രതിസന്ധികൾ നേരിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ച ഭക്ഷണ കഴിക്കാൻ സുഹൃത്തുക്കൾ അറിയാതെയാണ് രഞ്ജു പോയിക്കൊണ്ടിരുന്നത്. അന്നത്തെ സാമ്പത്തിക പ്രതിസന്ധികളും ജീവിത സാഹചര്യങ്ങളുമെല്ലാം രഞ്ജു വളരെ സരളമായാണ് പറഞ്ഞത്. എന്നാൽ ആ കഷ്ടപ്പാടുകൾക്ക് വർഷങ്ങൾക്കിപ്പുറമാണ് ഫലം കിട്ടിയത്. ഇന്ന് കേരളത്തിൽ മാത്രമല്ല ദുബായിൽ പോലും ബിസിനസ് ചെയ്ത് അവിടെ സ്വന്തമായി വീട് വരെയുള്ള ഒരു സ്ട്രോങ് വുമൺ തന്നെയാണ് രഞ്ജു രഞ്ജിമാർ.