സ്റ്റീല്‍ പാത്രങ്ങളിലെ സ്റ്റിക്കര്‍ കളയാൻ പാടാണോ ? പാത്രത്തിനു കേട് പറ്റാതെ ഇനി ഈസി ആയി കളയാം..
അടുക്കളയിൽ പാത്രങ്ങൾ വാങ്ങിക്കൂട്ടാൻ നമ്മൾ സ്ത്രീകൾക്ക് പ്രത്യേക കഴിവ് തന്നെയാണ്. എവിടെയെങ്കിലും ചെന്ന് കഴിയുമ്പോൾ നല്ല പാത്രങ്ങൾ കണ്ടു കഴിഞ്ഞാൽ അത് സ്വന്തമാക്കിയെങ്കിൽ മാത്രമേ നമുക്ക് ഒരു ആശ്വാസം ഉണ്ടാകാറുള്ളൂ. ഇത്തരത്തിൽ പാത്രങ്ങൾ വാങ്ങി കൂട്ടുമ്പോൾ അവയുടെ അകത്തോ പുറത്തുള്ള സ്റ്റിക്കർ പറിച്ചു കളയാൻ വലിയ പാടാണ്. ഇവ ചുരണ്ടിയോ സ്റ്റീൽ വൂൾ ഉപയോഗിച്ചോ ഉരച്ചു കളയാൻ പറ്റും, എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പാത്രങ്ങളിൽ വലിയ രീതിയിൽ പാടുകൾ വീഴും. ഇത്തരം സ്റ്റിക്കറുകളിൽ ഉപയോഗിക്കുന്ന പശ വെള്ളത്തിൽ അലിയില്ല, എന്നാൽ ഇവ എണ്ണയിൽ അലിയും. ഈ സ്റ്റിക്കർ എടുത്തുകളഞ്ഞു വൃത്തിയാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആദ്യം തന്നെ പാത്രത്തിനു മുകളിലെ സ്റ്റിക്കർ കഴിയാവുന്നിടത്തോളം പറിച്ചു കളയുക. ഒരു കോട്ടൻ തുണി എടുത്ത് അതിനു മുകളിൽ വെളിച്ചെണ്ണ ഒഴിക്കുക. സ്റ്റിക്കറിന് മുകളിലും കുറച്ചു വെളിച്ചെണ്ണ തേച്ച് കുതിർക്കുക. ശേഷം, തുണി കൊണ്ട് നന്നായി ഉരച്ചു സ്റ്റിക്കർ കളയുക.
സ്റ്റിക്കറിന് മുകളിൽ ഏകദേശം മുപ്പതു സെക്കന്റ് നേരത്തേക്ക് തീജ്വാല കാണിക്കുക. ലൈറ്റർ, മെഴുകുതിരി എന്നിവ ഇതിനായി ഉപയോഗിക്കാം. എല്ലാ ഭാഗത്തേക്കും ഒരുപോലെ തീ എത്തണം. ശേഷം, ഈ സ്റ്റിക്കർ എളുപ്പത്തിൽ ഇളകിപ്പോരുന്നതായി കാണാം. ബാക്കിയുള്ള പശ എണ്ണയിൽ മുക്കിയ തുണി കൊണ്ട് തുടച്ചു കളയാം.
ഒരു പേപ്പർ ടവ്വലിൽ ആൽക്കഹോൾ സ്പ്രേ ചെയ്യുക. ഇത് സ്റ്റിക്കറിന് മുകളിൽ വയ്ക്കുക. സ്റ്റിക്കറിലും കുറച്ച് ആൽക്കഹോൾ സ്പ്രേ ചെയ്യുക. കുറച്ചു മിനിട്ടുകൾക്കകം പശ അലിയും അപ്പോൾ സ്റ്റിക്കർ പറിച്ചെടുക്കാം. ബാക്കിയുള്ള പശയും മറ്റും പേപ്പർ ടവ്വൽ കൊണ്ട് ഉരച്ചു കളയാം.
ആദ്യം തന്നെ പാത്രം മുഴുവനും ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് തുടയ്ക്കുക. ശേഷം വെളുത്ത വിനാഗിരി സ്പ്രേ ചെയ്യുക. കുറച്ചു നേരം കഴിയുമ്പോൾ തുണി കൊണ്ട് തുടച്ചാൽ സ്റ്റിക്കർ ഇളകിപ്പോരും.