പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി; മൃഗശാലയിലെ അപൂർവയിനം മാനിന് ദാരുണാന്ത്യം
ടെന്നസി: മൃഗശാലയിലെ അപൂർവയിനം മാനിന് പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി ജീവൻ നഷ്ടമായി. അമേരിക്കയിലെ ടെന്നസിയിലുള്ള മൃഗശാലയിലെ സിടാടുംഗ ഇനത്തിലുള്ള ചെറുമാനാണ് ചത്തത്. ലീഫ് എന്നായിരുന്നു ഏഴു വയസുള്ള ഈ മാനിന്റെ പേര്. ശനിയാഴ്ച രാത്രിയോടെ മാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ അധികൃതർ വെറ്റിനറി ഡോക്ടർമാരുടെ സേവനം തേടിയിരുന്നെങ്കിലും മാനിന്റെ ജീവൻ രക്ഷിക്കാനായില്ല.
മാനിന്റെ വായ്ക്കുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് അടപ്പ് പുറത്തെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. മൃഗശാലകളിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ കാരണം ഇതാണെന്ന് വിശദമാക്കിയാണ് മൃഗശാല അധികൃതർ അപൂർവ്വയിനം മാൻ ചത്ത വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മൃഗങ്ങളുടെ കണ്ണിലൂടെ നോക്കിയാൽ ഇവയെല്ലാം തന്നെ ഭക്ഷണ വസ്തുക്കളാണ്. ഇവ അകത്ത് എത്തിയാലുണ്ടാവുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് മൃഗങ്ങൾക്ക് അറിവില്ലെന്നും മൃഗശാല അധികൃതർ വിശദമാക്കുന്നു. അതേസമയം, ചെറിയ അടപ്പുള്ള കുപ്പികളോട് കൂടിയ ജ്യൂസും ലഘു പാനീയങ്ങൾക്കും വിലക്കുള്ള മൃഗശാലയിൽ മാനിന്റെ കൂടിന് സമീപത്ത് ഇത്തരത്തിലുള്ള അടപ്പ് വന്നത് എങ്ങനെയാണെന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധ്യ ആഫ്രിക്കയിലെ ചതുപ്പുകൾക്കിടയിൽ കാണുന്ന ഇനം മാനുകളിലൊന്നാണ് ചത്തിരിക്കുന്നത്. ചതുപ്പ് പ്രദേശങ്ങളിൽ ജീവിക്കുന്നതിന് ഉചിതമായ രീതിയിലാണ് ഇവയുടെ കാലുകളുള്ളത്. കൊമ്പുകളുടെ സഹായത്താലാണ് ഇവ ചതുപ്പിലെ പുല്ലുകൾക്കിടയിലൂടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്നത്. വളഞ്ഞ കൊമ്പോട് കൂടിയ ഇവ വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുന്നവയാണ്. 20 വർഷം മുൻപാണ് ലീഫിനെ മൃഗശാലയിൽ എത്തിച്ചത്.