21 ദിവസം ഭക്ഷണമില്ലാതെ, വെള്ളം മാത്രം കുടിച്ച് ജീവിതം; രഞ്ജിനി ഹരിദാസിന്റെ പരീക്ഷണം ഇങ്ങനെ
ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. അന്നോളം മലയാളികൾ കണ്ട ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനി ഹരിദാസിന്റെ അവതരണ രീതി. മലയാളവും ഇംഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആദ്യമൊക്കെ വിമർശനമാണ് കിട്ടിയത് എങ്കിലും പയ്യെ പയ്യെ മലയാളികൾ ആ രീതി ഏറ്റെടുക്കുകയായിരുന്നു. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് പല വിവാദങ്ങളും വിമർശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്.
ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോയത് മുതലാണ് രഞ്ജിനിയെ കുറിച്ചുള്ള വിമർശനങ്ങളൊക്കെ അവസാനിച്ചത്. ശരിക്കും താരത്തിന്റെ സ്വഭാവവും രീതികളുമാണ് പലരെയും ചൊടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നാൽപത് വയസിലേക്ക് കടന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി രഞ്ജിനി പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ താനൊരു ശ്രമകരമായ ദൗത്യം ഏറ്റെടുത്തുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിനി. ശരീരത്തിന്റെ ഫിറ്റ്‌നെസ് നോക്കുന്നതിന് വേണ്ടി താരങ്ങൾ ഡയറ്റ് ചെയ്യുന്നത് പതിവാണ്. എന്നാൽ ഭക്ഷണം പോലും കഴിക്കാതെ അത്തരമൊരു മാറ്റത്തിന് വേണ്ടി ശ്രമിക്കുകയാണ് താനെന്നാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ രഞ്ജിനി പറയുന്നത്.
’21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാൻ സൈൻ അപ്പ് ചെയ്തു. തീർച്ചയായും എന്റെ മാർബിൾസ് നഷ്ടമായെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ പ്രത്യക്ഷത്തിൽ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ ഞാൻ ആഗ്രഹിച്ചു. കൂടാതെ ഞാൻ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്.
ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാൻ സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്ന് 3-ാം ദിവസമാണ് ഇതൊരു തെണ്ടിത്തരമായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം. ഒരിക്കൽ എന്റെ ശരീരം ഓട്ടോഫാഗി പൂർത്തിയാക്കിയാൽ അത് പ്രത്യക്ഷത്തിൽ സുഖമായിരിക്കണം! അതുകൊണ്ട് ഞാൻ വിശപ്പോടെ കാത്തിരിക്കുന്നു..’ എന്നും പറഞ്ഞാണ് രഞ്ജിനി എഴുത്ത് അവസാനിപ്പിക്കുന്നത്.
അതേ സമയം രഞ്ജിനിയോട് സംശയങ്ങളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് പോസിബിൾ ആവുക എന്നാണ് ഒരാൾ ചോദിച്ചത്. ഇത്തരം സംശയങ്ങൾക്കുള്ള മറുപടി രഞ്ജിനി തന്നെ കൊടുക്കുന്നുമുണ്ട്.
14 മുതൽ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. അതിനുശേഷം 4-7 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുകയെന്ന് രഞ്ജിനി പറയുന്നു.
ഗായിക രഞ്ജിനി ജോസ്, നടി ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. നിന്നെ കൊണ്ടിത് ചെയ്യാൻ സാധിക്കുമെന്നാണ് ശ്വേത മേനോൻ പറയുന്നത്. മാത്രമല്ല വാട്ടർ ഫാസ്റ്റിംഗ് തെറാപ്പി ചെയ്ത ആളുകളും അവരുടെ അനുഭവം രഞ്ജിനിയുമായി പങ്കുവെക്കുകയാണിപ്പോൾ. 21 ദിവസം ഭക്ഷണം ഇല്ലാതെ എങ്ങനെ ജീവിയ്ക്കും എന്ന കൗതുകമാണ് ചിലർക്ക്. ഈ തെറാപ്പി ചെയ്തവരിൽ ചിലർ അനുഭവം പങ്കുവച്ചെത്തുന്നതും കമന്റ് ബോക്‌സിൽ കാണാം.