വെറും അഞ്ചുരൂപയുമായി ദുബായിലെത്തി; സ്വപ്രയ്തനത്താൽ കെട്ടിപടുത്തത് 2,272 കോടി രൂപ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം; റാം ബുക്സാനി ഓർമ്മയാകുമ്പോൾ പ്രവാസ ലോകത്തിനും തീരാനഷ്ടം
ദുബായ്: ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ തേടിയാണ് എല്ലാവരും ഗൾഫിലേക്കെത്തുന്നത്. ചിലർ മഹാദുരിതത്തിന്റെ പടുകുഴിയിലേക്കാണ് പതിക്കുന്നതെങ്കിൽ മറ്റുചിലർ വലിയ പരിക്കുകളില്ലാതെ ജീവിതം കെട്ടിപടുക്കും. മറ്റുചിലരാകട്ടെ, സ്വന്തം കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ഇവിടെ ഉയരങ്ങൾ കീഴടക്കും. അവരെ സംബന്ധിച്ച് പണം എന്നത് വിജയത്തിന്റെ ഉപോൽപ്പന്നം മാത്രമായി മാറും. അത്തരത്തിൽ ഗൾഫിലേക്ക് വെറും അഞ്ചു രൂപയുമായെത്തി പണത്തെ പരാജയപ്പെടുത്തി വിജയങ്ങളുടെ പടവുകൾ കയറിയ മനുഷ്യനാണ് റാം ബുക്സാനി. വെറുമൊരു സാധാരണക്കാരൻ കോടികൾ ആസ്തിയുള്ള ബിസിനസുകാരനായി മാറിയതിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മാത്രം കഥകളാണുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ ദുബായിലെ സ്വന്തം വസതിയിൽ അന്ത്യശ്വാസം വലിക്കുമ്പോൾ ഈ എൺപത്തിമൂന്നുകാരന്റെ ആസ്തി 2,272 കോടി രൂപയായിരുന്നു. വെറും അഞ്ചു രൂപയിൽ നിന്നും പ്രവാസ ലോകത്തെ അതികായനായി മാറിയ ബുക്സാനിയുടെ ജീവിതം ഏതൊരു സംരംഭകനും ഊർജ്ജം നൽകുന്നതാണ്.
1941ൽ ഇന്ന് പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രവിശ്യയിലായിരുന്നു ജനനം. പിതാവ് ജീവത്‌റാം ബുക്സാനി ബിസിനസിൽ റാം ബുക്സാനിയുടെ മാതൃകയായിരുന്നു. വിഭജനകാലത്ത് കുടുംബക്കാർക്കൊപ്പം ഇന്ത്യയിൽ അഭയാർഥിയായെത്തിയതാണ്. പഴയ മദ്രാസിലും ബറോഡയിലും പുണെയിലും കൗമാരത്തിൽത്തന്നെ പല ജോലികളും ചെയ്തു. അതിനാൽ പോരാടിനേടിയ ജീവിതമാണെന്ന് സ്വന്തംജീവിതത്തെ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.
1959 നവംബർ 18നാണ് ആദ്യമായി ദുബായിൽ എത്തുന്നത്. അതും കപ്പൽ മാർഗം. കയ്യിൽ വെറും അഞ്ചുരൂപയുമായി ഗൾഫിലെത്തിയ ആ പതിനെട്ടുകാരൻ പിന്നീട് പ്രവാസ മണ്ണിൽ നിറഞ്ഞു നിന്നത് അഞ്ച് പതിറ്റാണ്ടുലേറെയാണ്. ദുബായിലെ ഇന്റർനാഷനൽ ട്രേഡേഴ്സ് ലിമിറ്റഡ് (ഐടിഎൽ) കമ്പനിയുമായി സഹകരിച്ചിരുന്ന കെഎജെ ചോതിർമാൾ ആൻഡ് കമ്പനിയിൽ ഓഫിസ് അസിസ്റ്റന്റായാണ് ആദ്യ ജോലി ആരംഭിച്ചത്. ആധുനിക ദുബായിയുടെ വളർച്ച ആരംഭിക്കുന്ന 1960 -കളിൽ ഈ മണ്ണിൽ അദ്ദേഹത്തിന്റെ വിയർപ്പും പൊടിഞ്ഞിട്ടുണ്ട്. 50 ഡിഗ്രി ചൂടിൽ എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാൻ വൈദ്യുതിപോലുമില്ലാത്ത കുടുസുമുറിയിൽ തുടങ്ങിയതാണ് പ്രവാസം.
ക്ലർക്കായി സേവനം തുടങ്ങിയ ഐ.ടി.എൽ. കോസ്മോസ് എന്ന ബർ ദുബായ് മീനാബസാറിലെ 500-ലേറെ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായി റാം ബുക്സാനി മാറി. ബുക്സാനി 2014ൽ കോസ്മോസ് ഐടിഎൽ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തി. കോസ്മോസ് ഐടിഎൽ കമ്പനി പുറത്തിറക്കിയ ക്വാളിറ്റ് ഐസ്ക്രീം ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. പ്രവാസികൾ ഗൃഹാതുരതയോടെ ഓർക്കുന്ന കുക്കു ക്ലോക്ക് (റിഥം കമ്പനി), കാസിയോ, ഷാർപ് എസി എന്നിവയുടെ വിതരണവും ബുക്സാനിയുടെ കമ്പനിയാണ് നടത്തിയിരുന്നത്. ദെയ്റയിലെ അംബാസഡർ ഹോട്ടൽ, അസ്റ്റോറിയ ഹോട്ടൽ എന്നിവയിൽ ഓഹരി പങ്കാളിത്തവുമുണ്ട്. 2000 മുതൽ 8 വർഷം ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഡയറക്ടറും 4 വർഷം ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിന്റെ ചെയർമാനുമായിരുന്നു.
ഇലക്ട്രോണിക് – റീട്ടെയിൽ, ഐ.ടി., ബാങ്കിങ് മേഖലകളിലെ ഒട്ടേറെ സംരംഭങ്ങളുടെ ചെയർമാനുമായിരുന്നു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, ചന്ദ്രശേഖർ, വി.പി.സിങ്, എ.ബി. വാജ്പേയി, ഉപപ്രധാനമന്ത്രിയായായിരുന്ന എൽ.കെ. അദ്വാനി എന്നിവരുമായും അടുത്ത സൗഹൃദമായിരുന്നു അദ്ദേഹത്തിന്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് റാം ബുക്സാനിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിലൂടെ പ്രവാസി കാര്യവകുപ്പ് (പിന്നീട് വിദേശകാര്യവകുപ്പിനൊപ്പം യോജിപ്പിച്ചു) രൂപവത്കരിച്ചത്.
2019-ൽ യു.എ.ഇ. ഗോൾഡൻ വിസ അനുവദിച്ച ചുരുക്കം ചില ബിസിനസുകാരിൽ ഒരാൾകൂടിയായിരുന്നു അദ്ദേഹം. യു.എ.ഇ. ഭരണാധികാരികളുമായി പുലർത്തിയിരുന്ന അടുത്തബന്ധം വ്യവസായി എന്ന നിലയിൽ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി വ്യാപാരവും സാമ്പത്തികബന്ധവും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രവാസികളിൽ പ്രത്യേകിച്ച് സിന്ധ് വംശജരിൽ ഏറെ സ്വീകാര്യനാണ് റാം ബുക്സാനി. ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ഇന്ത്യൻ ബിസിനസ് സമൂഹത്തെ ഒരുകുടക്കീഴിൽ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റി.
കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ടായാൽ നേട്ടമെങ്ങനെ ഒപ്പംവരുമെന്ന് തെളിയിച്ച റാം ബുക്‌സാനി ചുരുങ്ങിയ കാലംകൊണ്ട് ദുബായിൽ കെട്ടിപ്പടുത്തത് 100 കോടി ദിർഹത്തിന്റെ (2272 കോടി രൂപ) ബിസിനസ് സാമ്രാജ്യമാണ്. സംരംഭക ലോകത്ത് മാത്രമല്ല, കാരുണ്യ പ്രവർത്തനങ്ങൾക്കായും ജീവിതമുഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയാണ് ബുക്സാനി. പ്രവാസികളുടെ ഒട്ടേറെ പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാനും പരിശ്രമിച്ചിട്ടുണ്ട്. ഗുജറാത്ത് ഭൂകമ്പമുണ്ടായപ്പോൾ ദുരിതനിവാരണത്തിന് 60 ലക്ഷം രൂപ സമാഹരിച്ച് നൽകാനും മുന്നിൽനിന്നത് റാം ബുക്സാനിയാണ്. നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രവർത്തിച്ചു. പ്രവാസി വോട്ടവകാശം റാം ബുക്സാനിയുടെ പൂവണിയാത്ത സ്വപ്നമാണ്. അതിനായി വലിയ പ്രയത്നം നടത്തിയതാണദ്ദേഹം.
‘ദുബായിയുടെ ഭരണത്തിൽ ഗോത്രപാരമ്പര്യത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ വാഷിങ്ടൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി 2004 – ൽ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. മുംബൈ ഡി.വൈ. പാട്ടീൽ യൂണിവേഴ്സിറ്റിയുടെ ഡി.ലിറ്റും കരസ്ഥമാക്കി. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ഫോബ്സ് പട്ടികയിൽ സ്ഥാനംപിടിക്കാനും സാധിച്ചു.
സിന്ധ് വംശജർക്ക് വ്യാപാരങ്ങളിലുള്ള നെഞ്ചുറപ്പിന്റെ കഥകൂടിയാണ് അദ്ദേഹത്തിന്റെ ആത്മകഥ ‘നടന്നുതീർത്ത വഴികൾ’ പറയുന്നത്. ‘എന്റെ ട്രെയിൻ ഇതുവരെ പോയിട്ടില്ല, പക്ഷേ, അത് അടുത്തെത്തിക്കഴിഞ്ഞു. ഓരോ സ്റ്റേഷനും കടന്നുപോകുമ്പോൾ, യാത്രയുടെ അത്രയും ഭാഗം കഴിഞ്ഞെന്ന യാഥാർഥ്യം യാത്രയുടെ സന്തോഷം വർധിപ്പിക്കുന്നു’ എന്നാണ് ജീവിതത്തിൽനിന്ന് മരണത്തിലേക്കുള്ള ദൂരത്തെ അദ്ദേഹം രേഖപ്പെടുത്തിയത്.