ഇടതുപക്ഷത്തിന് ലഭിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിൽ പരസ്യ അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് എം
കോട്ടയം: ഇടതുപക്ഷത്തിന് ലഭിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിൽ പരസ്യ അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.
‘ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിയായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്. എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കും’, സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്. ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.
അതേസമയം, മൂന്ന് സീറ്റില്‍ ഒന്ന് തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണ് സി.പി.ഐക്ക്. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം.
വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.