സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു. വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴ ലഭിച്ചേക്കും. ഇന്നും നാളെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 5 വരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. ഇടിയോടും കാറ്റോടും കൂടിയ മഴ ആയിരിക്കുമെന്നും പ്രവചനമുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു മുകളിലായി ഉയർന്ന തലത്തിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇന്ന് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കാലവർഷമെത്തിയതിന്റെ ഒന്നാം ദിവസം കോട്ടയത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്– 80.2 മില്ലിമീറ്റർ. 537% അധിക മഴയാണ് കോട്ടയം ജില്ലയിൽ പെയ്തത്.