‘സൂപ്പര്‍ ആപ്പ്’ വന്നാൽ പിന്നെ സൂപ്പറാ; ഒരു ട്രെയിന്‍ യാത്രികനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ
കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
‘ഒരു ട്രെയിന്‍ യാത്രികനെന്ന നിലയില്‍, ഒരാള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും’, അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഐആര്‍സിടിസി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്‍ രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിരം. ഒന്ന് യാത്രക്കാര്‍ക്കുള്ളതും മറ്റൊന്ന് ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമാണ്. യാത്രക്കാര്‍ക്കായി ടൂര്‍ പാക്കേജുകള്‍, ക്യാബുകള്‍, ഫ്‌ളൈറ്റ്, ഹോട്ടല്‍ ബുക്കിങ്, ഭക്ഷണം ഓര്‍ഡർ ചെയ്യൽ തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ടാകും. ചരക്ക് ഉപഭോക്താക്കള്‍ക്ക് പാഴ്‌സല്‍ ബുക്കിങ്ങിനും ചരക്കുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച ട്രാക്കിങിനും രേഖകളുടെ കൈമാറ്റങ്ങള്‍ക്കും പേയ്‌മെന്റിനുമടക്കം ആപ്പ് ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ റെയില്‍വേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിന്റെ മുഴുവന്‍ റെയില്‍ ശൃംഖലയുമായി താരതമ്യപ്പെടുത്താവുന്ന ദൂരത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 5,300 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്ക് സ്ഥാപിച്ചതായും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം മുമ്പ് പ്രതിവര്‍ഷം 171 റെയില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത് 40 ആയി ചുരുങ്ങിയെന്നും അത് ഇനിയും കുറയ്ക്കുന്നതിന് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.