”ഞങ്ങൾ സന്തുഷ്ടരാണ്”; ലോകത്തിലെ ഏറ്റവും ഹാപ്പിയായ,എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ജീവികൾ

 ”ഞങ്ങൾ സന്തുഷ്ടരാണ്”; ലോകത്തിലെ ഏറ്റവും ഹാപ്പിയായ,എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ജീവികൾ

ചിരിച്ചാൽ ആയുസ്സ് കൂടുമെന്നല്ലേ പൊതുവെ പറയുന്നത്. മനുഷ്യന്റെ കാര്യത്തിലാണ് സാധാരണയായി ഇങ്ങനെ പറയുന്നത്. എന്നാൽ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു ജീവി ഉണ്ട്. ഓസ്‌ട്രേലിയയിലെ പെർത്ത് തീരത്തിനു സമീപമുള്ള റോട്ട്‌നെസ്റ്റ് ദ്വീപിലുള്ള ക്വോക്കകൾ ആണത്. ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവി, എപ്പോഴും ചിരിച്ച മുഖം- ഓസ്‌ട്രേലിയയിലെ ക്വോക്ക ഇങ്ങനെയാണ് അറിയപ്പെടുന്നത്. എപ്പോഴും ചിരിച്ച മുഖത്തിന് കാരണം ഇവയുടെ വായയുടെ പ്രത്യേകതയാണ്.

ക്വോക്കകൾ ചെറിയ ജീവികളാണ്, ഒരു പൂച്ചയുടെ അത്രയൊക്കെ വലുപ്പം വരും. ഓസ്‌ട്രേലിയയിലെ സഞ്ചിമൃഗങ്ങൾ ഉൾപ്പെടുന്ന മാർസൂപ്പിയൽ ജീവി വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്. ഓസ്‌ട്രേലിയയിലും സമീപമേഖലകളിലുമെത്തിയ സഞ്ചാരികൾ ക്വോക്കകളോടൊപ്പം എടുത്ത സെൽഫികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പകൽ ഉറങ്ങി രാത്രി ഉണർന്നിറങ്ങുന്ന ജീവികളാണ് ക്വോക്കകൾ. മുയലുകളെപ്പോലെ ചാടിയാണ് സഞ്ചാരം. ജനിച്ച് കഴിഞ്ഞ് ആദ്യ അഞ്ചുമാസങ്ങളിൽ ക്വോക്കക്കുഞ്ഞുങ്ങൾ അമ്മയുടെ സഞ്ചിയിലാണ് ജീവിക്കുക. രണ്ട് ആമാശയങ്ങളുള്ള ക്വോക്കകൾ സസ്യാഹാരികളാണ്.

ക്വോക്കകൾക്ക് മനുഷ്യരെ അത്ര പേടിയൊന്നുമില്ല. അതിനാൽ തന്നെ റോട്ട്‌നെസ്റ്റ് ദ്വീപിൽ എത്തുന്ന സഞ്ചാരികളുടെ സമീപം ഇവയെത്താറുണ്ട്. എന്നാൽ ആൾ ഫ്രണ്ട്‌ലിയൊക്കെയാണെങ്കിലും ക്വോക്കകൾ മനുഷ്യരെ കടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ജന്തുവിദഗ്ധർ പറയുന്നു.ബാൾഡ് ഐലൻഡ് എന്ന മറ്റൊരു ദ്വീപിലും ക്വോക്കകൾ ജീവിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ചില കുറുക്കൻമാർ ക്വോക്കകൾക്ക് വലിയ ഭീഷണിയാണ്. ഈ ജീവികളെ കുറുക്കൻമാർ വേട്ടയാടാറുണ്ട്.

പതിനായിരത്തോളം ക്വോക്കകൾ റോട്ട്‌നെസ്റ്റ് ദ്വീപിലുണ്ടെന്നാണ് കണക്ക്. റോട്ട്‌നെസ്റ്റ് ദ്വീപിന് പേരു കിട്ടിയതും ക്വോക്കയിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് നാവികർ ഇവിടെ കാൽകുത്തിയപ്പോൾ അവർ ക്വോക്കകളെ കണ്ട് എലികളാണെന്നു തെറ്റിദ്ധരിച്ചു. എലികളുടെ കൂട് എന്ന് ഡച്ച് ഭാഷയിൽ അർഥം വരുന്ന റോട്ട്‌നെസ്റ്റ് എന്ന പേര് ദ്വീപിനു നൽകുകയായിരുന്നു നാവികർ.

Leave a Reply

Your email address will not be published. Required fields are marked *