ജീവിത നിലവാരം മികച്ചത് കൊച്ചിയിലും തൃശൂരിലും; ഡല്‍ഹിയേയും മുംബൈയേയും ബഹുദൂരം പിന്തള്ളി കുതിപ്പ്
ന്യൂഡൽഹി: മികച്ച ജീവിത നിലവാര സൂചികയിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയേക്കാളും വാണിജ്യ തലസ്ഥാനമായ മുംബൈയേക്കാളും മുന്നിൽ കേരളത്തിലെ രണ്ടു നഗരങ്ങൾ. ഓക്സ്ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സിലാണ് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും മികച്ച നേട്ടം കൈവരിച്ചത്. ഡൽഹിക്കും മുംബൈയ്ക്കും പുറമെ, ബംഗളൂരുവിനേയും ഹൈദരാബാദിനേയും കൊച്ചിയും തൃശൂരും പിന്തള്ളി.
സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോക നഗരങ്ങളെയാണ് ഓക്സ്ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ് റാങ്കു ചെയ്തിട്ടുള്ളത്.
ഏറ്റവും മികച്ച നഗരം ന്യൂയോർക്കാണ്. ലണ്ടൻ, യുഎസിലെ സാൻജോസ്, ടോക്യോ തുടങ്ങിയവയാണ് പട്ടികയിൽ തൊട്ടുപിന്നാലായുള്ളത്. കൊച്ചിയ്ക്ക് പട്ടികയിൽ 765-ാം റാങ്കാണ്. തൃശൂരിന് 757ഉം. രാജ്യതലസ്ഥാനമായ ന്യൂഡൽഹി 838, മുംബൈ 915, ബംഗളൂരു 847, ഹൈദരാബാദ് 882 എന്നിങ്ങനെയാണ് റാങ്കിൽ. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്.
ജീവിത നിലവാര മാനദണ്ഡത്തിൽ താഴ്ന്ന റാങ്കാണെങ്കിലും, മൊത്തത്തിലുള്ള പ്രകടനം വിലയിരുത്തുമ്പോൾ മുംബൈ, ഡൽഹി, ബംഗളൂരു എന്നി നഗരങ്ങൾ മികച്ച സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മൊത്തത്തിലുള്ള റാങ്കിങ്ങിൽ മുംബൈ 427-ാം സ്ഥാനത്തും ഡൽഹി 350-ാം സ്ഥാനത്തും ബംഗളൂരു 411-ാം സ്ഥാനത്തുമാണ്. യുപിയിലെ സുൽത്താൻപൂരാണ് ഏറ്റവും പിന്നിലുള്ളത്. ഉത്തരേന്ത്യൻ നഗരങ്ങളെക്കാൾ ഉയർന്ന ജീവിത നിലവാരം ഉള്ളത് ദക്ഷിണേന്ത്യയിലാണെന്നും പട്ടിക വ്യക്തമാക്കുന്നു.