സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ, ബിരിയാണിയുടെ പണം തിരികെ കിട്ടണമെന്ന ആവശ്യവുമായി പുണെ സ്വദേശി
സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങളെന്ന് പരാതി. പുണെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്റെ ചിത്രസഹിതം എക്സിൽ പങ്കുവെച്ചത്. പുണെയിലെ പി.കെ. ബിരിയാണി ഹൗസിൽ നിന്നാണ് പങ്കജ് ശുക്ല സൊമാറ്റോ വഴി വെജിറ്റബിൾ പനീർ ബിരിയാണി ഓർഡർ ചെയ്തത്. എന്നാൽ അതിൽ പനീറിനൊപ്പം ചിക്കൻ കഷണങ്ങളും ഉണ്ടായിരുന്നു. തനിക്ക് ബിരിയാണിയുടെ പണം തിരികെ കിട്ടണമെന്നാണ് പങ്കജ് പറയുന്നത്.
ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും പരാതിയുണ്ട്. പോസ്റ്റിന് സൊമാറ്റോ പ്രതികരിച്ചിട്ടുണ്ട്. ഹായ് പങ്കജ്, ആരുടെയും മതവികാരം വ്രണപ്പെടുത്തുന്നതിൽ ഞങ്ങൾ ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല. നിങ്ങളുടെ ഐ.ഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയാൽ എന്താണ് നടന്നതെന്ന് ഉറപ്പായും പരിശോധിക്കാം.-എന്നാണ് സൊമാറ്റോ പോസ്റ്റിന് മറുപടി നൽകിയത്. ഇത്തരം സംഭവങ്ങളിൽ പലപ്പോഴും വിമാന കമ്പനികളും ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും പ്രതിക്കൂട്ടിലാകാറുണ്ട്.