അളവറ്റ സ്വർണവും ഇരുമ്പും നിക്കലും; ബഹിരാകാശത്തെ നിധിശേഖരം നേരിടുന്നത് വൻ അപകടം; സൈക്കി തുരുമ്പെടുക്കുന്നെന്ന് കണ്ടെത്തൽ

 അളവറ്റ സ്വർണവും ഇരുമ്പും നിക്കലും; ബഹിരാകാശത്തെ നിധിശേഖരം നേരിടുന്നത് വൻ അപകടം; സൈക്കി തുരുമ്പെടുക്കുന്നെന്ന് കണ്ടെത്തൽ

അളവറ്റ ധാതുസമ്പത്തുമായി ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സൈക്കി എന്ന ഛിന്ന​ഗ്രഹം തുരുമ്പെടുക്കുന്നെന്ന് റിപ്പോർട്ട്. ജയിംസ് വെബ് ക്യാമറ ഉപയോ​ഗിച്ച് നടത്തിയ ​ഗവേഷണത്തിലാണ് ജ്യോതിശാസ്ത്രജ്ഞർ ഇക്കാര്യം കണ്ടെത്തിയത്. ഭൂമിയിൽ നിന്നു 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സെക്കിയിൽ വൻതോതിലുള്ള ഇരുമ്പിന്റെയും നിക്കലിന്റെയും സ്വർണത്തിന്റെയും നിക്ഷേപമുണ്ട്. ഭൂമിയിലെ മൊത്തം സമ്പ​ദ് വ്യവസ്ഥയെക്കാൾ കൂടുതൽ‌ സമ്പത്ത് അടങ്ങിയിരിക്കുന്ന ബഹിരാകാശ വസ്തു എന്നതാണ് സൈക്കിയെ ​ഗവേഷകരുടെ ഇഷ്ടവിഷയമാക്കിയത്.

പതിനായിരം ക്വാഡ്രില്യൻ ഡോളർ (ഏകദേശം 10000000000 ബില്യൺ യുഎസ് ഡോളർ) സമ്പത്താണ് സൈക്കിയിലുള്ളത് എന്നാണ് കണക്കാക്കുന്നത്. 280 കിലോമീറ്ററാണ് ഇതിന്റെ വീതി. ലോഹനിർമിതമായ സൈക്കിയിൽ പ്രധാനമായുള്ളത് ഇരുമ്പും നിക്കലുമാണ്. പ്രാധാന്യമർഹിക്കുന്ന അളവിൽ സ്വർണവുമുണ്ട്. സൈക്കിയിൽ നിന്ന് സ്വർണവും മറ്റു ലോഹങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള സാധ്യത കുറവാണ്. കാരണം നമ്മുടെ സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ല. ഇനി ഏതെങ്കിലും വഴി അങ്ങനെ കൊണ്ടുവന്നാലോ? ഇപ്പോഴത്തെ ലോക കോടീശ്വരനായ ജെഫ് ബെസോസിനേക്കാളും ധനികൻമാരാകും ഭൂമിയിലെ ഓരോ വ്യക്തികളുമെന്ന് കണക്കുകൾ പറയുന്നു. പക്ഷേ ഇതു വിപരീതഫലമാകും വരുത്തിവയ്ക്കുക. കാരണം ഇത്രയധികം ലോഹങ്ങൾ എത്തുന്നതോടെ തന്നെ നമ്മുടെ നിലവിലെ വിപണികൾ ഇടിഞ്ഞുവീഴാനാകും വഴിയൊരുങ്ങുകയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടുന്നു.

ലോഹനിർമിതമായ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ തീർത്തും അപൂർവമാണ്. പാറ നിറഞ്ഞവയാണ് ഛിന്നഗ്രഹങ്ങളിൽ കൂടുതൽ. ഭൂമിയുടെ ഉൾക്കാമ്പ് (കോർ) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ടേക്കു പണ്ട് സൗരയൂഥത്തിൽ നടന്ന ഏതോ വൻ കൂട്ടയിടിയിൽ ഗ്രഹത്തിൽ നിന്നു വേർപെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നാസയുടെ പേടകത്തിനായേക്കും.

റോമൻ ഐതിഹ്യത്തിലെ പ്രണയ ദേവനായ ക്യൂപിഡിന്റെ ഭാര്യയുടെ പേരാണ് സൈക്കിക്കു നൽകിയിരിക്കുന്നത്. സൈക്കിയെ മറ്റൊരു ദേവതയായ വീനസ് കൊന്നുകളഞ്ഞെന്നാണ് ഐതിഹ്യകഥ. എന്നാൽ ഭാര്യയുടെ മരണത്തിൽ ദുഃഖിതനായ ക്യൂപിഡ് ജൂപ്പിറ്റർ ദേവനോട് പ്രാർഥന നടത്തുകയും ക്യൂപിഡിൽ പ്രസാദിച്ച ജൂപ്പിറ്റർ സൈക്കിയെ മരണമില്ലാത്ത ദേവതയാക്കുകയും ചെയ്തു.

1853 മാർച്ച് 17നു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അന്നിബാൽ ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അന്നു മുതൽ സൈക്കി ജ്യോതിശാസ്ത്രത്തിലെ ഇഷ്ട പഠനവിഷയമാണ്. അടുത്തിടെ ഹബ്ബിൾ സ്‌പേസ്‌ ടെലിസ്‌കോപ്പുപയോഗിച്ച് ഗവേഷകർ ഇതിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *