140 വർഷങ്ങൾ സൂചിപ്പിക്കാൻ 140 കാരറ്റിന്റെ ഡയമണ്ട്‌സ്; മാസ്റ്റർ പീസ് നെക്ലെസിൽ തിളങ്ങി പ്രിയങ്ക ചോപ്ര

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. മുടി മുറിച്ചുള്ള പുത്തൻ ലുക്കിനെ പ്രശംസിച്ചുകൊണ്ട് ഭർത്താവ് നിക്ക് ജൊനാസ് ഉൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പ്രിയങ്ക അണിഞ്ഞ നെക്ലെസിലാണ്. ബൾഗറിയുടെ 140ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി റോമിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. ഹോളിവുഡി നടി ആൻ ഹാതവേ ഉൾപ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങിൽ വച്ച് ലക്ഷ്വറി ബ്രാൻഡിന്റെ പുതിയ ഹൈ എൻഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചു. ബൾഗറിയുടെ പുതിയ കളക്ഷനിൽ ഉൾപ്പെട്ട സർപെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.
ബൾഗറിയുടെ 140 വർഷങ്ങൾ സൂചിപ്പിക്കുന്നതിനായി 140 കാരറ്റിന്റെ ഡയമണ്ട്‌സാണ് നെക്ലെസിൽ ഉള്ളത്. ബ്രാൻഡിന്റെ കളക്ഷനിലുള്ള ഏറ്റവും വിലമതിപ്പുള്ള കളക്ഷനാണ് ഇത്. ത്രീ ഡയമെൻഷണൽ വേവ് സ്ട്രക്ചറിൽ പിയർ ഷേപ്പിലുള്ള തുള്ളികൾ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഡയമണ്ട് നെക്ലെസ് ഒരുക്കിയിരിക്കുന്നത്. വേവ് സ്ട്രക്ചർ ഒരുക്കാൻ 698 ഡയമണ്ട്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. 2800 മണിക്കൂർ സമയമെടുത്താൻ ഈ മാസ്റ്റർ പീസ് പൂർത്തിയാക്കിയത്. 43 മില്യൺ ഡോളർ(ഏകദേശം 357 കോടി രൂപ)ആണ് ഡയമണ്ടിന് വിലവരുന്നത്.