‘ഇത് മലയാളത്തില്‍ മാത്രമേ സാധിക്കൂ’; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത്. പ്രിയദർശന്റെ ആദ്യചിത്രം മോഹൻലാലിനെ നായകനാക്കിയായിരുന്നു. 1984 ൽ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തു. അതിനു പിന്നാലെ മലയാളികൾ എല്ലാകാലത്തും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിൽ പിറന്നത്. ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് , കിലുക്കം, കാലാപാനി എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന സന്തോഷത്തിലാണ് പ്രിയദർശൻ . എന്നാൽ ആ ചിത്രത്തിലും നായകൻ മോഹൻലാൽ തന്നെയായിരിക്കും. ഈ സന്തോഷവാർത്ത മോഹൻലാൽ തന്നെയാണ് വെളിപ്പെടുത്തുന്നത്.
“പ്രിയദര്‍ശന്‍ എന്നിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരനോട്ടത്തില്‍ വന്നു, നവോദയയിലേക്ക് ഞാനാണ് കൊണ്ടുപോകുന്നത്. അതൊരു കൂട്ടുകെട്ടായി മാറി. പ്രിയന്‍റെ ആദ്യ സിനിമ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താല്‍ 100 സിനിമയാവും. നൂറാമത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.
വളരെ അപൂര്‍വ്വമായ കാര്യമാണ്. നൂറ് സിനിമകള്‍ ചെയ്യുക എന്നത് തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകന്‍ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തില്‍ മാത്രമേ സാധിക്കൂ. മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍ 2000, 3000 സിനിമയൊക്കെ ചെയ്ത ആര്‍ട്ടിസ്റ്റുകളുണ്ട്. സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്തെന്ന് അറിയില്ല. ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയില്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. ഐ വി ശശി, ശശികുമാര്‍ സാര്‍. പ്രിയന്‍റെ കാര്യമെടുത്താല്‍ മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി ഒക്കെ ചെയ്തിട്ടുണ്ട്”-മോഹൻലാൽ പറഞ്ഞു.