നരേന്ദ്രമോദിയായി എത്തുന്നത് സത്യരാജോ? പ്രതികരണവുമായി നടൻ

 നരേന്ദ്രമോദിയായി എത്തുന്നത് സത്യരാജോ? പ്രതികരണവുമായി നടൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാനില്ലെന്ന് നടൻ സത്യരാജ്. ബിജെപി വിരുദ്ധ നിലപാടുകൾ മുൻ കാലങ്ങളിൽ എടുക്കുകയും പെരിയാർ ഇവി രാമസാമിയുടെ ബയോപിക്കിൽ പെരിയാർ ആയി അഭിനയിക്കുകയും ചെയ്ത സത്യരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കുമോയെന്നായിരുന്നു ഉയർന്ന ചോദ്യങ്ങളിൽ ഒന്ന്.

വാർത്തയിൽ പ്രതികരണവുമായി സത്യരാജ് രംഗത്ത് എത്തി. ‘ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് വന്നത്, ഇത് എനിക്ക് പുതിയ വാർത്തയാണ് എന്നായിരുന്നു സത്യരാജിന്റെ പ്രതികരണം.

ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പ്രതികരിച്ചു. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന് വാർത്ത മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. കോൺഗ്രസ് എം.പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജിന്റെ വിശദീകരണം. നിരവധി സിനിമകളിൽ നിരീശ്വരവാദത്തെക്കുറിച്ച് സംസാരിച്ച എംആർ രാധ എന്ന നിരീശ്വരവാദി ആത്മീയവാദിയായും അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരമൊരവസരം വരുമോയെന്ന് നോക്കാം എന്നുമായിരുന്നു സത്യരാജിന്റെ പ്രതികരണം. അതിനിടെ, സത്യരാജിന് മോദിയുടെ റോൾ നൽകരുതെന്ന് പറഞ്ഞ് ബി.ജെ.പി കേന്ദ്രങ്ങളും രംഗത്തെത്തി.

2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധ​പ്പെട്ട് ഇതിനകം നിരവധി ബയോപിക്കുകൾ വന്നിട്ടുണ്ട്. 2019ൽ വിവേക് ​​ഒബ്‌റോയിയെ നായകനാക്കി ‘പി.എം നരേന്ദ്ര മോദി’ എന്ന ജീവചരിത്ര ചിത്രം പുറത്തിറങ്ങിയിരുന്നു. മോദി വിരുദ്ധ തരംഗമുള്ള ദ്രാവിഡ മണ്ണിൽ ​പ്രതിഛായ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴിൽ ബയോപിക് നിർമിക്കാൻ നീക്കം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *