ആദ്യരാത്രിയിൽ നവദമ്പതികൾക്ക് ഈ മുറുക്കാൻ നിർബന്ധം; നൗഷാദിന്റെ കടയിലെ ഒരു ലക്ഷം രൂപ വിലയുള്ള വെറ്റില മുറുക്കാന് പിന്നിലെ രഹസ്യം അറിയേണ്ടേ?
കേരളത്തിൽ വെറ്റില മുറുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ഉത്തരേന്ത്യയിൽ ഇന്നും മുറുക്കാന് വലിയ വിപണിയുണ്ട്. ചെറിയ പൈസക്ക് ആളുകൾക്ക് കിട്ടുന്ന ലഹരിയാണ് ഉത്തരേന്ത്യയിലെ പാൻ. എന്നാൽ, ചെറിയ പൈസക്ക് മാത്രമല്ല, വലിയ വിലയുള്ള മുറുക്കാനും ഉത്തരേന്ത്യയിലുണ്ട്. മുംബൈയിലെ മാഹിമിലുള്ള ദി പാൻ സ്റ്റോറി എന്ന കടയിൽ ഒരു പാനിന് ഒരു ലക്ഷം രൂപയാണ് വില. എംബിഎക്കാരനായ നൗഷാദ് ഷെയ്ഖ് എന്ന യുവാവാണ് ഈ കട നടത്തുന്നത്.
തലമുറകളായി പാൻ കച്ചവടം ചെയ്യുന്നവരാണ് നൗഷാദിന്റെ കുടുംബം. എംബിഎയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടും നൗഷാദ് കോർപറേറ്റ് ജോലികൾക്കൊന്നും പോവാതിരുന്നത് കുടുംബത്തിൽ നിന്നും കൈമാറി വന്ന ഈ കട നടത്താൻ വേണ്ടിയാണത്രെ. എന്തായാലും, നൗഷാദിന്റെ കടയിലെ ഈ പാൻ വലിയ ചർച്ചയാണ്.
നവദമ്പതികളാണ് മിക്കവാറും ഈ പാൻ വാങ്ങുന്നത്. അവർക്ക് ഈ പാൻ പ്രിയപ്പെട്ടതാവാൻ കാരണം അതിന്റെ വില മാത്രമല്ല. ഈ പാൻ പൊതിഞ്ഞിരിക്കുന്നത് സ്വർണ ഫോയിൽ കൊണ്ടാണ്. ഒപ്പം പ്രിൻസ് ആൻഡ് പ്രിൻസസ് എന്നിങ്ങനെ രണ്ട് ബോക്സുകളിലായിട്ടാണ് കിട്ടുക. അതിൽ കുങ്കുമപ്പൂവും, മനോഹരമായ സെന്റും ഒക്കെയുണ്ടാവും. ഇത് കൂടാതെ താജ്‍മഹലിന്റെ ഒരു ചെറിയ രൂപവും ഇതിനൊപ്പമുണ്ടാകും. ഇതൊക്കെ കൊണ്ടാണ് വിവാഹരാത്രികളിലേക്ക് വേണ്ടി ആളുകൾ ഈ പാൻ ഓർഡർ ചെയ്യുന്നത്.
അടുത്തിടെ ഇന്ത്യ ഈറ്റ് മാനിയ എന്ന ഇൻസ്റ്റഗ്രാം പേജിലും ഈ പാനിന്റെ ചിത്രം പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. സംഗതി പാൻ വെറൈറ്റിയാണ് എങ്കിലും ആളുകൾ എന്തായാലും അതിന്റെ വില കേട്ട് ഞെട്ടിയിട്ടുണ്ട്.