രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ രൂപീകരണത്തിനൊരുങ്ങി ജമ്മു കശ്മീർ; ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും
ന്യൂഡല്‍ഹി: കേന്ദ്ര ഭരണപ്രദേശമായിരുന്ന ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു. പത്തു വർഷങ്ങൾക്കു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ലഫ്. ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
ആറുവര്‍ഷത്തോളമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. പത്ത് വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഇതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടന്നത്.
നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒമര്‍ അബ്ദുള്ള ഇത് രണ്ടാം തവണയാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്.