ഗസ്സയിൽ പോളിയോ വൈറസ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: സംഘർഷ ഭൂമിയായ ഗസ്സയിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പോളിയോ വൈറസ് ടൈപ്പ് 2 ആണ് പടർന്നത്. ഗസ്സയിലെ മലിനജലത്തിൽ നിന്നാണ് വൈറസ് ലഭിച്ചത്. ആരോഗ്യ, ശുചിത്വ സംവിധാനങ്ങളുടെ പതനം മൂലമാണ് രോഗം ഉണ്ടായത്. വൈറസ് വ്യാപനം അന്താരാഷ്ട്ര തലത്തിൽ പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
പോളിയോ വൈറസ് ടൈപ്പ് 2 ലഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും എമർജൻസി സംഘത്തിന്റെ തലവൻ അയാദിൽ സപർബെക്കോവ് വ്യക്തമാക്കി. ഇത് വളരെ ഉയർന്ന ഘട്ടത്തിൽ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകട സാധ്യത വിലയിരുത്തുന്നതിന്റെ ഭാഗമായി മനുഷ്യ വിസർജ്യത്തിന്റെ സാമ്പിളുകൾ ശേഖരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പ്രവർത്തകർ വ്യാഴാഴ്ച ഗസ്സയിലെത്തും. ഈ ആഴ്ച അവസാനത്തോടെ വിലയിരുത്തലുകൾ പൂർത്തിയാകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നാഡീവ്യവസ്ഥയെ ആക്രമിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന വൈറസാണ് പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഗസ്സയിൽ പോളിയോ വൈറസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സൈനികർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.