നിറവയറുമായി മൂന്നുമണിക്കൂർ ഡാൻസ്; ലൈവ് പരിപാടി നടക്കുന്നതിന് ഇടയിൽ കുഞ്ഞു പുറത്തുവരികയാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെയെന്നും നിലപാട്; യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയിൽ പ്രസവവേദന സഹിച്ചും നൃത്തം ചെയ്തെന്ന് വെളിപ്പെടുത്തി യുവതി. ടെയ്ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധികയായ ഓസ്ട്രേലിയൻ സ്വദേശിനി ജെൻ ഗുട്ടറസ് എന്ന യുവതിയാണ് താൻ പ്രസവ വേദന സഹിച്ചും സ്വിഫ്റ്റിന്റെ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സംഗീത പരിപാടിയിൽ പങ്കെടുക്കുകയും ഡാൻസ് ചെയ്യുകയും ചെയ്തെന്ന് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെൽബണിൽ രണ്ടു മാസം മുമ്പാണ് സംഭവം. മൂന്നു മണിക്കൂർ പ്രോഗ്രാമിൽ തുടർച്ചായി ജെൻ ഡാൻസ് ചെയ്തു. ഇതിനിടയിൽ പ്രസവ വേദന തുടങ്ങിയെങ്കിലും പരിപാടി അവസാനിച്ച ശേഷം മാത്രമാണ് സ്റ്റേഡിയം വിട്ടതെന്നും യുവതി വെളിപ്പെടുത്തുന്നു.
ലോകസംഗീതപര്യടനത്തിന്റെ ഭാഗമായാണ് രണ്ടുമാസം മുമ്പ് ഓസ്ട്രേലിയയിലെ മെൽബണിൽ ടെയ്‌ലർ സ്വിഫ്റ്റ് എത്തിയത്. 2023ൽ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ജെൻ ബുക്ക് ചെയ്തിരുന്നു. പ്രസവ ദിവസത്തോട് അടുത്താണ് പരിപാടിയെന്ന് അറിയാമായിരുന്നെങ്കിലും പൂർണ ഗർഭിണി ആയതിന്റെ പേരിൽ അതൊഴിവാക്കാൻ ജെൻ ആഗ്രഹിച്ചില്ല. മണിക്കൂറുകളോളം സഞ്ചരിച്ചാണ് ഭർത്താവ് മൈക്കിൾസിനും ഇരട്ട സഹോദരി ഡാനിക്കുമൊപ്പം ജെൻ ഗുട്ടറസ് ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാൻ മെൽബണിൽ എത്തിയത്.
ഇപ്പോഴിതാ തന്റെയും മകളുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെൻ ഗുട്ടറസ്. തങ്ങൾ സുഖമായിരിക്കുന്നുവെന്നും ടെയ്‌ലറിന്റെ പാട്ട് കേൾക്കുന്ന സമയത്ത് പ്രസവേദന അനുഭവപ്പെട്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ജെൻ പ്രതികരിച്ചു. ലൈവ് പരിപാടി നടക്കുന്നതിന് ഇടയിൽ കുഞ്ഞു പുറത്തുവരികയാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെയെന്ന നിലപാടിലായിരുന്നു താനെന്ന് യുവതി പറയുന്നു. അല്ലാതെ, പരിപാടി പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ തയാറല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
ലൈവ് പരിപാടിക്കിടെ പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും വീണ്ടും കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ജെൻ പെൺകുഞ്ഞിനു ജന്മം നൽകിയത്. പരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ച യുവതി, അടുത്ത ദിവസമാണ് ആശുപത്രിയിലേക്കു പോയത്. പൂർണ ഗർഭിണി ആയതിനാൽ സംഗീത പരിപാടി കാണാൻ പോകുന്നതിനെ വീട്ടുകാരിൽ ചിലർ വിലക്കിയിരുന്നു. എന്നാൽ ടെയ്‌ലറിനോടുള്ള ആരാധന നിമിത്തം ജെൻ ദൃഢനിശ്ചയത്തോടെ സംഗീതപരിപാടി കാണാനെത്തുകയായിരുന്നു. പൂർണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനാണ് ജെൻ ജന്മം നൽകിയത്. ഇപ്പോൾ കുഞ്ഞിന് രണ്ടു മാസമായി.
ജെന്നിന്റെ അസാമാന്യ ധൈര്യത്തിന്റെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് ‘സ്വിഫ്റ്റ് ആരാധകർ’. 2023 മാർച്ചിലാണ് ‘എറാസ് ടൂർ’ എന്ന പേരിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപര്യടനം യുഎസിൽ ആരംഭിച്ചത്. ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചായിരിക്കും പരിപാടി അവസാനിക്കുക.