മേഘാലയയിലെ വെള്ളച്ചാട്ടത്തിന് മുകളിൽ പ്രണവ് മോഹന്‍ലാല്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
യാത്രാപ്രേമികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് മേഘാലയ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നോഹ്കലികായ് ആണ് ഇവിടെ ഏറെ പ്രശസ്തം. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൻറെ മകനായ പ്രണവ് ഇവിടെനിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് നോഹ്കലികായ് വെള്ളച്ചാട്ടം. 340 മീറ്റർ (1,115 അടി) ആണ് ഇതിന്റെ ഉയരം. താരതമ്യേന ചെറിയ പീഠഭൂമിയുടെ കൊടുമുടിയിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് വെള്ളച്ചാട്ടമായി ഒഴുകുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വരണ്ട സീസണ് ഒഴികെയുള്ള സമയങ്ങളില്‍ ഇവിടെ സമൃദ്ധമായി വെള്ളമുണ്ടാകും. വെള്ളച്ചാട്ടത്തിനു താഴെ അസാധാരണമായ പച്ച നിറത്തിലുള്ള മനോഹരമായ ഒരു കുളവുമുണ്ട്.
ഒട്ടേറെ കഥകള്‍ ഉറങ്ങുന്ന ഒരു പ്രദേശത്താണു വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നോഹ്കലികായ് വെള്ളച്ചാട്ടത്തിനു മുകളിലുള്ള രംഗ്ജിർതെഹ് എന്ന ഗ്രാമത്തിൽ കാലികായ് എന്ന ഒരു സ്ത്രീ താമസിച്ചിരുന്നു. മകള്‍ കൈക്കുഞ്ഞായിരിക്കെ നോഹ്കലിയുടെ ഭര്‍ത്താവ് മരണപ്പെട്ടു. കുഞ്ഞിനെ പോറ്റാന്‍ വേണ്ടി അവള് ഒരു ചുമട്ടു തൊഴിലാളിയായി. ജോലിക്കു പോകാന്‍ തുടങ്ങിയതോടെ കുഞ്ഞിനെ നോക്കാന്‍ രണ്ടുപേര്‍ വേണം എന്നവള്‍ക്ക് തോന്നി. അങ്ങനെ അവള് രണ്ടാമതും വിവാഹം കഴിച്ചു.
എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവ് ദുഷ്ടനായിരുന്നു. ലികായ് യുടെ സ്നേഹം കുഞ്ഞിനാണ് കൂടുതല്‍ കിട്ടുന്നതെന്ന് അയാള്‍ക്കൊരു തോന്നലുണ്ടായി. ഒരു ദിവസം അവള് ജോലിക്ക് പോയപ്പോള്‍ അയാള്‍ കുഞ്ഞിനെ കൊന്നു കറിവച്ചു. ജോലി കഴിഞ്ഞു വന്ന ലികായ് വിശപ്പു മൂലം അവിടെ ഉണ്ടായിരുന്ന കറി മുഴുവനും എടുത്തു കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍, മകളെ തിരഞ്ഞു നടന്ന ലികായ് അവളുടെ ഒരു വിരല്‍ കണ്ടെത്തി. അധികം വൈകാതെ സത്യം മനസ്സിലാക്കിയ ലികായ് ദേഷ്യവും സങ്കടവും കൊണ്ട് ഭ്രാന്തിയായി. ഓടിയോടി അവള് ഈ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് എടുത്തുചാടി. നിർഭാഗ്യവശാൽ ലികായിക്ക് സംഭവിച്ച ദുരന്തത്തിൻ്റെ ഭയാനകമായ ഓർമ്മപ്പെടുത്തലായി അവൾ കുതിച്ച വെള്ളച്ചാട്ടത്തിന് നോഹ്കലികായ് വെള്ളച്ചാട്ടം എന്ന് ആളുകള്‍ പേരിട്ടു. കാ ലികായ് ചാടിയ സ്ഥലം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
പ്രധാന പട്ടണമായ ചിറാപുഞ്ചിയിൽ നിന്നു 5 കിലോമീറ്റർ അകലെയുള്ള നോഹ്കലികായ് വെള്ളച്ചാട്ടം പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നഗരമധ്യത്തിൽ നിന്ന് ഉയർന്ന ടേബിൾ ലാൻഡിലൂടെയുള്ള ചെറിയ ഡ്രൈവ് വ്യൂ പോയിൻ്റിലേക്കാണ് പോകുന്നത്, അവിടെ വാഹനം പാർക്ക് ചെയ്യാം, തുടർന്നു വ്യൂ പോയിൻ്റുകളിൽ നിന്ന് ചിത്രങ്ങൾ എടുക്കാം. ഇവിടെയുള്ള വ്യൂവിങ് ഗാലറി വെള്ളച്ചാട്ടത്തിൻ്റെ മനോഹരമായ കാഴ്ച നൽകുന്നു.
വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കും താഴ്ഭാഗത്തേക്കും ട്രെക്കിങ് ഉണ്ട്. വെള്ളച്ചാട്ടത്തിൻ്റെ മുകളിലേക്കുള്ള ട്രെക്കിങ് ഏകദേശം 2 മണിക്കൂർ എടുക്കും. പരന്ന തുറസ്സായ പുൽമേടുകൾ ക്കിടയിലൂടെയും ഹരിത വനങ്ങള്ക്കിടയിലൂടെയുമാണ് ഈ യാത്ര. കൂറ്റന്‍ പാറകളും ജലാശയങ്ങളും അരുവികളുമെല്ലാം താണ്ടിയുള്ള ട്രെക്കിങ്ങാണിത്. പാറക്കെട്ടുകളിൽ കയറ്റവും ഇറക്കവും സുഗമമാക്കാനും കയറ്റം കുറയ്ക്കാനും നാട്ടുകാർ നിരവധി തടി ഏണികൾ സ്ഥാപിച്ചിട്ടുണ്ട്.
നൊഹ്കലികായ് വെള്ളച്ചാട്ടത്തിൻ്റെ മുഖത്തേക്കുള്ള വഴിയിൽ, ത്ലായ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന മനോഹരമായ മൂന്നുതട്ടു വെള്ളച്ചാട്ടം കാണാം. പാലുപോലെ വെളുത്ത വെള്ളം പാറകളിലൂടെ ഒഴുകുന്ന കാഴ്ച സ്വര്‍ഗ്ഗീയ അനുഭൂതി നല്‍കും. ത്ലായ് വെള്ളച്ചാട്ടത്തിൽ നിന്നു നദീതടത്തിലൂടെ 30 മിനിറ്റു കൂടി നടന്നാൽ നോഹ്കലികായുടെ അടുത്ത് എത്താം.
പരന്ന പുൽമേടുകളുള്ള പർവത പാതയിലൂടെ പാറകള്‍ ചവിട്ടി ഇറങ്ങി വേണം നോഹ്കലികായ് വെള്ളച്ചാട്ടത്തിൻ്റെ അടിത്തട്ടിലേക്ക് എത്താന്‍. മുകളിലേക്കും താഴേക്കും മുഴുവൻ ട്രെക്കിങ് നടത്താന്‍ ഏകദേശം 4 മണിക്കൂർ എടുക്കും.
മൺസൂൺ കാലമാണ് നോഹ്കലികായ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എന്നിരുന്നാലും വെള്ളത്തിൻ്റെ ഒഴുക്ക് കുറവായ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്തേ ട്രെക്കിങ് നടത്താനാവൂ. ട്രെക്കുകൾ നേരത്തെ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് ഉള്ള നോങ്ഗ്രിയാറ്റ് ഗ്രാമം, സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, ഡെയ്ൻത്ലെൻ വെള്ളച്ചാട്ടം, മാവ്സ്മൈ, അർവാ ഗുഹകൾ, തങ്ഖരംഗ് പാർക്ക് തുടങ്ങിയവയാണ് ഇവിടെ അടുത്ത കാണാനുള്ള മറ്റു കാഴ്ചകള്‍.