മധുരം തുളുമ്പുന്ന പ്രഥമനൊപ്പം കയ്പ്പൻ നാരങ്ങാ അച്ചാർ വിളമ്പുന്നത് എന്തിനാണ്? വിവാഹ സദ്യ ഉണ്ണുമ്പോൾ മലയാളികൾ അറിഞ്ഞിരിക്കേണ്ടത്…

വിവാഹ സദ്യയിൽ പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതും നല്ല കയ്പ്പൻ നാരങ്ങാ അച്ചാറാണ് സദ്യയ്ക്കിടെ പ്രഥമനൊപ്പം വിളമ്പുന്നത്.
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് അട പ്രഥമൻ. വിവാഹ സദ്യയിൽ ചോറിട്ട് പരിപ്പും പപ്പടവും കൂട്ടിക്കൂഴച്ച് ചോറുണ്ടതിന് ശേഷം സാമ്പറും ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാലുടൻ അട പ്രഥമനെത്തും. വിവാഹ സദ്യയിലെ മാറ്റമില്ലാത്ത ആചാരമാണത്. പ്രഥമൻ വിളമ്പുന്ന ആളുടെ തൊട്ട് പിന്നിൽ നാരങ്ങാ അച്ചാറുമായി ആളുണ്ടാകും. അതും നല്ല കയ്പൻ നാരങ്ങാ അച്ചാർ. മധുര പ്രേമികൾക്ക് പോലും അധികം പ്രഥമൻ കഴിക്കാനാകില്ല. കുറച്ച് കഴിക്കുമ്പോൾ തന്നെ ചെടിച്ചു തുടങ്ങും. പ്രഥമന് പിന്നാലെ പാലട പ്രഥമനും കടല പ്രഥമനും വരാനുണ്ട്. അവയ്ക്കാകട്ടെ പ്രഥമനെക്കാളേറെ മധുരവും. പ്രഥമൻ കഴിച്ചു തീർക്കാൻ തന്നെ സാധിക്കാതെ വന്നാൽ എന്ത് ദുരന്തമാണ്! അതിനുള്ള പരിഹാരമായാണ് പണ്ടുള്ളവർ പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പിത്തുടങ്ങിയത്.
മധുരമുള്ള പ്രഥമൻ കഴിച്ച് ചെടിച്ച് തുടങ്ങുമ്പോൾ തന്നെ അച്ചാറിൽ വിരൽ മുക്കി ഒന്നു നക്കിയാൽ വായ നിറയെ കയ്പ് നിറയും. അതിന് ശേഷം എത്ര അടപ്രഥമൻ വേണമെങ്കിലും കഴിക്കാനാകും. അടപ്രഥമൻ മാത്രമല്ല, പിന്നാലെ വരുന്ന പാൽപ്പായസവും കടല പ്രഥമനുമെല്ലാം ഈ നാരങ്ങാ അച്ചാറിന്റെ കയ്പ്പിന്റെ മേമ്പൊടിയിൽ കൂടുതൽ മധുരതരമാകും. ഇതാണ് സദ്യയിൽ പ്രഥമനൊപ്പം നാരങ്ങാ അച്ചാർ വിളമ്പുന്നതിന്റെ ഗുട്ടൻസ്.