വയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി നൽകി പ്രഭാസ്
വയനാട് ദുരന്തത്തിൽ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പ്രതികരിച്ചു.
തെലുങ്ക് സിനിമാ മേഖലയിൽനിന്ന് നേരത്തേ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ തേജ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.