പൂജവയ്പ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് എൻ കെ പ്രേമചന്ദ്രൻ; വൻ പ്രതിഷേധം
കൊല്ലം: പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബർ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന കൊല്ലം എം പി, ശ്രീ. എൻ കെ പ്രേമചന്ദ്രൻ എം പി യുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം പടരുന്നു.
“പ്രേമചന്ദ്രന്റെ വാദം വിചിത്രവും ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് അനുസരിച്ച് ആശ്വിന മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെയാണ് രാജ്യവെങ്ങുമുള്ള വിശ്വാസികൾ നവരാത്രി – വിജയദശമി ആഘോഷിച്ചുവരുന്നത്. അസാധാരണമായ ചില പ്രത്യേക സന്ദർഭങ്ങളിൽ ഇതിന് ചെറിയ മാറ്റങ്ങൾ പതിവുള്ളതാണ്. അതിനാലാണ് ഇക്കുറി നവരാത്രി ആഘോഷങ്ങൾക്കിടെ തൃതീയ രണ്ടു നാൾ വരികയും പൂജവെയ്പ് അഷ്ടമി സന്ധ്യയ്‌ക്ക് തൊടുന്ന ഒക്ടോബർ പത്തിന് ജ്യോതിഷ പണ്ഡിതന്മാർ ഗ്രന്ഥപൂജ നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളത്. കേരള സർക്കാരിന്റെ കലണ്ടറിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പഞ്ചാംഗത്തിലും ഇത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രന്ഥങ്ങൾ പൂജവെച്ച ശേഷം ഒക്ടോബർ 11ന് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യം സർക്കാരിനെ അറിയിക്കുകയും അവധി ആവശ്യപ്പെട്ട് കത്ത് നൽകുകയുമാണ് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) ചെയ്തത്. ദേശീയ അധ്യാപക പരിഷത്തിന് പുറമേ മറ്റ് പല സംഘടനകളും ഇതേ ആവശ്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മനസ്സിലാക്കുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായി ഇടപെട്ട് പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലെയും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെയും പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാറുള്ള എൻ ടി യു യാതൊരു വർഗീയ താൽപര്യവും ഒരു വിഷയത്തിലും പ്രകടിപ്പിക്കാറില്ല. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ അതിന്റെ ധർമ്മമാണ് ഇവിടെ നിറവേറ്റിയത്.