എഡിജിപിക്കെതിരായ നടപടിയില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന് ഒരു രാഷ്ട്രീയ അടിത്തറയുണ്ട്. ആ രാഷ്ട്രീയം ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ വിപരീത ഭാഗത്താണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ് ക്രമസമാധാന ചുമതല. ആ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ടതായി വെളിച്ചത്തുവരുമ്പോള്‍, അതില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഉത്തരം പറയേണ്ട കടമയുണ്ട്, ആ ഉത്തരമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.