ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന; അന്വേഷണസംഘം എത്തിയത് നടിയോടൊപ്പം, രേഖകൾ പിടിച്ചെടുത്തു
കൊച്ചി: ബലാത്സംഗ കേസിൽ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന. പരാതിക്കാരിയായ നടിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം.
ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.
അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടിക്കെതിരേ അപ്പീൽ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.
അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ നടി പരാതി നൽകിയിരുന്നു. ഏഴ് പരാതികളായിരുന്നു നടി നൽകിയത്. ഇതിൽ ഒന്ന് ഇടവേള ബാബുവിനെതിരേയായിരുന്നു.
പ്രത്യേകാന്വേഷണ സംഘം മൊഴി ഏഴ് കവറുകളിലാക്കി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പോലീസ് ഇടവേള ബാബുവിനെതിരേ കേസെടുക്കുകയായിരുന്നു.
തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിലെ അംഗത്വത്തിന് വേണ്ടി പല കാര്യങ്ങൾക്കും വഴങ്ങേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും നടി ആരോപിച്ചിരുന്നു. പൊതുഇടത്തിൽ വെളിപ്പെടുത്താനാകാത്ത കാര്യങ്ങൾകൂടി അന്വേഷണ സംഘത്തിന് മുമ്പിൽ വെളിപ്പെടുത്തിയതായാണ് വിവരം. ഇതെല്ലാം ചേർത്താണ് ഇടവേള ബാബുവിനെതിനെതിരേ പോലീസ് കേസെടുത്തത്.