‘ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അർജുൻ രക്ഷാദൗത്യവുമായി മുന്നോട്ട് പോകണം’; കർണാടകയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് കർണാടകയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അർജുൻ രക്ഷാദൗത്യവുമായി മുന്നോട്ട് പോകണമെന്ന് ആണ് കത്തിൽ പറയുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗർഭാഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം നിർത്തി വയ്ക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിൻ എംഎൽഎയും പറഞ്ഞു.