സ്‌കൂൾ തുറക്കുന്നതിന് ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രം; സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക തസ്തികകൾ; താത്കാലിക നിയമനത്തിന് ഉത്തരവിടാതെ വിദ്യാഭ്യാസവകുപ്പ്
പത്തനംതിട്ട: സംസ്ഥാനത്ത് ഹൈസ്‌കൂൾ വരെയുള്ള വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക തസ്തികകൾ. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് പല വിഷയങ്ങളിലുള്ള അധ്യാപകരുടെ ഒഴിവ്. ഇതിൽ 530 പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളുമുണ്ട്. ഇതുവരെ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രമാണ് സ്‌കൂൾ തുറക്കുന്നതിന് ബാക്കിയുള്ളത്. താത്കാലിക അധ്യാപക നിയമനത്തിനുള്ള നടപടികൾ വൈകിയാൽ ചില സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവദിവസം അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാവും.മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കാറുണ്ടായിരുന്ന സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ ഇക്കുറി നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇവ നടക്കാതെപോയത്. സ്ഥലംമാറ്റത്തിന്റെ അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ പെരുമാറ്റച്ചട്ടത്തിന് വിധേയമായിട്ടായിരിക്കും അന്തിമ പട്ടിക എന്ന് പരാമർശിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ സെക്രട്ടേറിയറ്റിലും ആരോഗ്യ വകുപ്പിലും പെരുമാറ്റച്ചട്ടം നിലനിൽക്കെ തന്നെ സ്ഥാനക്കയറ്റം നടക്കുന്നുണ്ട്.സ്‌കൂൾ തുറക്കുന്ന പശ്ചാത്തലം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ പ്രഥമാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടത്താവുന്നതായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ആദ്യദിനത്തിൽ പ്രഥമാധ്യാപകരില്ലാത്ത സ്ഥിതി ഒഴിവാക്കാമായിരുന്നു.
സ്ഥലംമാറ്റം നടന്നിരുന്നെങ്കിൽ ഏതൊക്കെ സ്‌കൂളുകളിലാണ് താത്കാലിക അധ്യാപക നിയമനം വേണ്ടതെന്നതിനും വ്യക്തത വന്നേനെ.ഇത്രയും ഒഴിവുകളിലേക്ക് പി.എസ്.സി. വഴി സ്ഥിരനിയമനം നടത്താനുള്ള നടപടികളും നടക്കുന്നില്ല.