കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ ശ്രമം; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസിൽ നവവരനും പോലീസിനുമെതിരേ യുവതി
കൊച്ചി : പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസിൽ നവവരനും പോലീസിനുമെതിരേ യുവതി. കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചുവെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതെല്ലാം സർവസാധാരണ സംഭവമാണെന്ന നിലപാടാണ് പോലീസിൽ പരാതിപ്പെട്ടപ്പോൾ ലഭിച്ചതെന്നും യുവതി ആരോപിക്കുന്നു.
മർദ്ദനം നടക്കുന്നത് രാത്രിയിലാണ്. രാവിലെ രാഹുലും അമ്മയും ചേർന്ന് വാതിൽ അടച്ച് എന്തൊക്കെയോ ചർച്ചകൾ നടത്തിയിരുന്നു. അത് എന്താണെന്ന് ചോദിച്ച തന്നോട് അത് നീ അറിയണ്ട എന്നാണ് രാഹുൽ പറഞ്ഞത്. മർദ്ദിക്കുന്ന സമയത്ത് രാഹുൽ മദ്യപിച്ചിരുന്നു. ബാക്കി സ്വർണം എപ്പോൾ കിട്ടും, എന്റെ കാറെവിടെ, സ്ത്രീധനം കുറഞ്ഞു പോയി ഇതിൽ കൂടുതൽ ലഭിക്കാൻ അർഹനാണ് താൻ എന്നെല്ലാം പറഞ്ഞാണ് തർക്കം തുടങ്ങുന്നത്. അതാണ് മർദ്ദനത്തിലേക്കെത്തിയത്.
കരണത്തടിയേറ്റ് താൻ ബെഡിൽ വീണു, പിന്നീട് തലയുടെ ഇടതു ഭാഗത്തും വലതുഭാഗത്തും മുഷ്ടി ചുരുട്ടി ഇടിച്ചു.
മൊബൈൽ ചാർജറിന്റെ കേബിളെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു, കുനിച്ച് നിർത്തി പുറത്തിടിച്ചു. കഴുത്തിലും ചുണ്ടിലും നഖം വച്ചമർത്തി, ഡോർ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വസ്ത്രത്തിൽ പിടിച്ച് വലിച്ച് ബെഡിലേക്കിട്ട് ബെൽറ്റ് വച്ച് അടിച്ചു. ചെവിയുടെ ഭാഗത്തേറ്റ അടിയിൽ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു. അതോടെ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു.
മർദ്ദിക്കുന്ന സമയത്ത് ആരോ വീട്ടിലെ സ്റ്റെയർ കയറി വരുന്ന ശബ്ദം കേട്ടിരുന്നു. അന്നേരം മിണ്ടാതിരിക്കാൻ പറഞ്ഞ് രാഹുൽ ആക്രോശിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷ് അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. അലമുറയിട്ട് കരഞ്ഞിട്ടും ആരും വന്നില്ല. വിവാഹ ശേഷം ഞാൻ എന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലായിരുന്നു. അടുക്കള കാണലിന് വീട്ടിൽനിന്ന് ബന്ധുക്കൾ വന്നപ്പോഴാണ് എന്റെ അവസ്ഥ അവർക്ക് മനസ്സിലായത്. കുളിമുറിയിൽ വീണെന്നാണ് ഞാനാദ്യം പറഞ്ഞത്. അങ്ങനെയേ പറയാവൂ എന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. കഴുത്തിലെയും മറ്റും പാട് കണ്ട് സംശയം തോന്നി വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് മർദ്ദനത്തിന്റെ കാര്യം പറയുന്നത്. ഉടനെ തന്നെ അവരെന്നെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടു പോരുകയായിരുന്നു.
വീട്ടിലെത്തി ആശുപത്രിയിൽ കാണിച്ചതിന് ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. എന്നാൽ ഒത്തുതീർപ്പിനാണ് സി.ഐ ശ്രമിച്ചത്. ഈ ബന്ധത്തിൽ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതെല്ലാം സർവ സാധാരണ വിഷയമല്ലേ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, പറഞ്ഞു തീർക്കാം എന്നായിരുന്നു പോലീസ് പറഞ്ഞത്. അതിന് മുമ്പ് രാഹുൽ അവിടെ എത്തിയിരുന്നു. പോലീസുകാരെല്ലാം രാഹുലിന്റെ ഭാഗത്താണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞതാണ്. പക്ഷേ അതൊന്നും തന്നെ എഫ്.ഐ.ആറിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനാണ് തീരുമാനം.
ഈ മാസം അഞ്ചിനാണ് പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് നടന്നത്. തുടർന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മർദിച്ച നിലയിൽ കണ്ടത്. തുടർന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലി(29)ന്റെ പേരിൽ ഗാർഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.