‘രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല, നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു’; പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ മൊഴി മാറ്റി, ക്ഷമാപണം നടത്തി പരാതിക്കാരി

 ‘രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല, നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു’; പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ മൊഴി മാറ്റി, ക്ഷമാപണം നടത്തി പരാതിക്കാരി

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി. കേസിലെ പ്രതി രാഹുൽ നിരപരാധി ആണെന്ന് യുവതി പറഞ്ഞു. സമൂഹമാധ്യമം വഴി ആണ് യുവതിയുടെ വെളിപ്പെടുത്തൽ. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത് എന്നും യുവതി പറഞ്ഞു. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു.

യുവതി പറയുന്നത്

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോർട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.

പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോൾ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടർന്ന് സംഭവത്തിൽ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം രൂക്ഷമായതോടെയാണ് കേസിൽ നടപടി ഊർജ്ജിതമായത്. തുടർന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത്തിന് സസ്‌പെൻഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയിൽ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇതെല്ലാം പെൺകുട്ടി നിഷേധിച്ചിരിക്കുകയാണ്.

മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നുമായിരുന്നു ആരോപണം. രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി ആരോപിച്ചിരുന്നു. ഫോൺ രാഹുലിന്റെ കയ്യിലായിരുന്നു, വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മാതാവ്, സഹോദരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *