ആദ്യ ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കില്ല; ഒലി പോപ്പ് തന്നെ നയിക്കും
ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നു ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പുറത്ത്. പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. ആദ്യ ടെസ്റ്റിനു ശേഷം പരിക്ക് വിലയിരുത്തിയാകും താരത്തിന്റെ തിരിച്ചു വരവ്.
ശ്രീലങ്കക്കെതിരായ പരമ്പരയും സ്‌റ്റോക്‌സിനു നഷ്ടമായിരുന്നു. പകരം ഒലി പോപ്പാണ് ടീമിനെ നയിച്ചത്. പാക് ടീമിനെതിരായ ആദ്യ പോരിലും പോപ്പായിരിക്കും ക്യാപ്റ്റന്‍. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് പാക് മണ്ണില്‍ കളിക്കുന്നത്.
ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് സ്‌റ്റോക്‌സിനു പരിക്കേറ്റത്. സ്റ്റോക്‌സിന്റെ അഭാവത്തിലും ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ട് 2-1നു പരമ്പര സ്വന്തമാക്കിയിരുന്നു.
ഈ മാസം ഏഴ് മുതലാണ് ആദ്യ ടെസ്റ്റ്. പോരാട്ടത്തിനുള്ള ഇലവനേയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെയ്ഡന്‍ കര്‍സാണ് ടീമിലെ ഏക പുതുമുഖം.