‘ഷൂട്ടിങ്ങിനിടെ എല്ലാവരുടെയും മുന്നിൽ വച്ച് സംവിധായകൻ തല്ലി; സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വമെന്ന് പത്മപ്രിയ

 ‘ഷൂട്ടിങ്ങിനിടെ എല്ലാവരുടെയും മുന്നിൽ വച്ച് സംവിധായകൻ തല്ലി; സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വമെന്ന് പത്മപ്രിയ

കോഴിക്കോട്: സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത് എന്നും താരം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് സംവിധായകൻ എന്നെ തല്ലി. 2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം, ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് പത്മപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും നടി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി. അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *