‘മുഖ്യമന്ത്രി രാജി വയ്‌ക്കണം, പകരം റിയാസിനെയോ വീണയെയോ ചുമതല ഏൽപ്പിക്കണം’; പരിഹാസവുമായി പിവി അന്‍വര്‍

 ‘മുഖ്യമന്ത്രി രാജി വയ്‌ക്കണം, പകരം റിയാസിനെയോ വീണയെയോ ചുമതല ഏൽപ്പിക്കണം’; പരിഹാസവുമായി പിവി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. പകരം ഭരണം മകൾ വീണയ്ക്കോ മന്ത്രി മുഹമ്മദ് റിയാസിനോ നൽകണം എന്നും കേരളം രക്ഷിക്കണം എന്നും അൻവർ പറഞ്ഞു. ബീഹാറില്‍ ലാലു പ്രസാദ് യാദവ് രാജിവക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യക്കാണ് നല്‍കിയത്. ആ മാതൃക കേരളത്തിലും പിന്‍തുടരണം. വീണക്ക് വിദ്യാഭ്യാസമുളളതു കൊണ്ട് നന്നായി ഭരിക്കാന്‍ കഴിയും. ബാക്കി പാര്‍ട്ടിയും നോക്കിക്കോളും. അങ്ങനെയെങ്കിലും കേരളത്തെ രക്ഷിക്കണമെന്നും അന്‍വര്‍ പരിഹസിച്ചു. മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് പിവി അൻവർ ഇക്കാര്യം പറഞ്ഞത്.

മലപ്പുറം ജില്ലയിൽ മാപ്പിളമാർ മാത്രമല്ല, മറ്റ് സമുദായക്കാരും ഉണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം അവർക്കൊക്കെ ബാധിക്കും. അദ്ദേഹം സ്ഥാനം ഒഴിയണം. അതിനും സാധിക്കുന്നില്ലെങ്കിൽ മാപ്പെങ്കിലും പറയണം. പദവി ഒഴിയാൻ പ്രയാസം ഉണ്ടെങ്കിൽ അവിടെ മുഹമ്മദ് റിയാസും വീണയും ഒക്കെയുണ്ടല്ലോ, അവരെ ഏൽപിക്കാം. നമ്മൾ അതുപോലെ പല കാര്യങ്ങളും കണ്ടിട്ടുണ്ടല്ലോ. ലാലുപ്രസാദ് യാദവിനെയൊക്കെ കണ്ടതല്ലേ. റാബ്രി ദേവിക്ക് എഴുത്തും വായനയും പോലും അറിയില്ലായിരുന്നു. അവർ സ്‌കൂളിലേ പോയിട്ടില്ല. പക്ഷെ വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ. അവരെ ഏൽപിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുക്കുമല്ലോയെന്നും അൻവർ പറഞ്ഞു.

പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും ഈ കേരളത്തെ ഒന്ന് രക്ഷപെടുത്തി തന്നാൽ മതി. അതിനുളള മഹാമനസ്‌കതയെങ്കിലും കാണിക്കട്ടെയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രിമാർ പറയുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നു പിആർ ഏജൻസിക്ക് പറ്റിയ തെറ്റാണെന്ന്. പിആർ നടത്താനുളള ശേഷി റിയാസിനും വീണയ്‌ക്കുമൊക്കെ ഉണ്ടെന്നും പി.വി അൻവർ പറഞ്ഞു.

ഒരു അഭിപ്രായം പറയാൻ നട്ടെല്ലുളള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാർട്ടി നേതൃത്വത്തിലില്ലാത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ആരെയാണ് ഇവർ പേടിക്കുന്നതെന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെയും ശശിയെയുമൊക്കെ നല്ല പേടിയാ. അത് എല്ലാവർക്കും ബോധ്യമായതാണ്. പാർട്ടി ആരെയാ പേടിക്കുന്നത്? മുഖ്യമന്ത്രിയെ ആണോ? അപ്പോൾ എവിടെയാ കുടുങ്ങിക്കിടക്കുന്നത്.

കാര്യങ്ങൾ ബോധ്യപ്പെടാത്തത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന് മാത്രമാണ്. എനിക്ക് ശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ സ്റ്റാൻഡ് തന്നെ മതിയെന്ന് ഇവർ ഒരുമിച്ച് തീരുമാനിച്ചോയെന്നും അൻവർ ചോദിച്ചു.

വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും മുഖ്യമന്ത്രിയ തളളിപ്പറയില്ലെന്ന കെടി ജലീലിന്റെ പ്രസ്താവനയും അന്‍വര്‍ പരിഹസിച്ചു. ആരെങ്കിലും വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തിക്കാണും. ജീവനില്‍ ഭയമില്ലാത്തവരില്ല, അതുകൊണ്ടാണ് ജലീലില്‍ ഇങ്ങനെ പറയുന്നത്. ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. ആരുടെ പിന്തുണയും തേടിയിട്ടില്ല. മലപ്പുറം ജില്ലയെ അപമാനിച്ചതില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *