സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം
കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019 ൽ സ്വന്തം വൃക്ക വിൽക്കാൻ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞത് എന്നാണ് സബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയെന്നാണ് വിവരം. തുടർന്നാണ് ഇയാൾ ഇരകളെ തേടി തുടങ്ങിയത്.
പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് സബിത്ത് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷെമീറിനായുള്ള അന്വേഷണത്തിൽ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു.
അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്.ഇവർ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്ന് വ്യക്തമല്ല.
അവയവത്തിനായി കടത്തുന്നവർക്ക് സബിത്ത് വ്യാജ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നൽകുന്നത് എന്ന് സബിത്ത് പറഞ്ഞതായാണ് റിപ്പോർട്ട്. ആൾക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സബിത്തിന്റെ കമ്മിഷൻ.