അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; അവയവദാതാവ് ഷെമീർ പൊലീസ് പിടിയിൽ
കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അവയവദാതാവ് ഷെമീർ പൊലീസ് പിടിയിൽ. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികെയാണ്. കേസിന്റെ തുടക്കത്തിൽ പാലക്കാടെത്തി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഷെമീർ വീട്ടിൽ നിന്ന് പോയിട്ട് ഏറെ നാളുകളായെന്നായിരുന്നു വിവരം. തുടർന്നാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നത്. കോയമ്പത്തൂരിൽ നിന്നാണ് ഷെമീറിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
കേസില്‍ മുഖ്യകണ്ണിയെ ഒരാഴ്ച മുൻപ് പൊലീസ് പിടികൂടിയിരുന്നു. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയായ പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത്. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.
കേരളത്തില്‍ നിന്ന് ഷെമീർ മാത്രമാണ് ഇതിന് ഇരയായതെന്നാണ് വിവരം. കൂടുതല്‍ പേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു. നേരത്തെ ഷെമീറിനെ കുറിച്ച് വിവരം ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ പൊലീസിനായില്ല. ഇയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നായിരുന്നു വിവരം. എന്നാൽ, പോലീസ് തമിഴ്‌നാട്ടിൽ എത്തിയപ്പോഴേക്കും ഷെമീർ താമസസ്ഥലം മാറ്റി. ഒടുവിൽ നടത്തിയ തെരച്ചിലൊടുവിലാണ് കോയമ്പത്തൂരിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്.