ഓണം പടിവാതിക്കൽ, പിന്നാലെ സപ്ലൈകോയുടെ ഇരുട്ടടിയും; അരിയടക്കം സബ്സിഡി സാധനങ്ങളുടെ വിലയിൽ വർദ്ധനവ്

 ഓണം പടിവാതിക്കൽ, പിന്നാലെ സപ്ലൈകോയുടെ ഇരുട്ടടിയും; അരിയടക്കം സബ്സിഡി സാധനങ്ങളുടെ വിലയിൽ വർദ്ധനവ്

കോട്ടയം: ഓണം പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 രൂപയായി ഉയർന്നു.

13 ഇനം സബ്സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽനിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെ വിലയും പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക്‌ ഏജൻസികൾ നൽകുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജൻസികൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ വർധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോർട്ടുനൽകി.

വിലവ്യത്യാസത്തിന് അനുമതിനൽകേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു. ഓണച്ചന്തകൾക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓണം ഫെയറിലെ സബ്സിഡിരഹിത ഉത്പന്നങ്ങൾക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

200 ഉത്പന്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയ്ക്ക് സ്ഥാപനം നൽകുന്ന വിലക്കുറവിനുപുറമേ ഉച്ചയ്ക്ക്‌ രണ്ടുമുതൽ നാലുവരെ വാങ്ങിയാൽ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും.

അതേസമയം സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്കു വിലക്കുറവുണ്ടാകും.

255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ആണ് മറ്റൊരു ആകർഷണം. നിലവിൽ നൽകുന്നതിനു പുറമേ 10% വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോംബോ–ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് 5നു തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *