കൊടും ചൂടിനോട് മല്ലിട്ട് കായികതാരങ്ങൾ; എന്നിട്ടും ഒളിംപിക്‌ വില്ലേജില്‍ എസിയ്ക്ക് വിലക്ക്; പാർക്കിൽ കിടന്നുറങ്ങി സ്വര്‍ണ ജേതാവ്

 കൊടും ചൂടിനോട് മല്ലിട്ട് കായികതാരങ്ങൾ; എന്നിട്ടും ഒളിംപിക്‌ വില്ലേജില്‍ എസിയ്ക്ക് വിലക്ക്; പാർക്കിൽ കിടന്നുറങ്ങി സ്വര്‍ണ ജേതാവ്

പാരിസ്: പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ചൂട് കൂടുതലായ കാലാവസ്ഥയടക്കമുള്ളപ്പോള്‍ മതിയായ നിലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നു നിരവധി രാജ്യങ്ങളിലെ താരങ്ങളാണ് പരാതി ഉന്നയിച്ചത്.

വിഷയത്തില്‍, സ്വര്‍ണ മെഡല്‍ നേടിയ ഇറ്റാലിയന്‍ നീന്തല്‍ താരം തോമസ് ചെക്കോണിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുരുഷന്‍മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ചെക്കോണ്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. പിന്നാലെ 4-100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പരാജയപ്പെട്ട ശേഷം താരം കിടന്നുറങ്ങിയത് സമീപത്തുള്ള പാര്‍ക്കിലെ മൈതാനത്ത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ചെക്കോണ്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രം സൗദി അറേബ്യന്‍ റോവിങ് താരം ഹസ്‌ലിന്‍ അലിരെസ ഇന്‍സ്റ്റയില്‍ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്. പാരിസ് ഒളിംപിക്‌സ് സംഘാടകരുടെ തീരുമാന പ്രകാരം ഇത്തവണ ഗെയിംസ് വില്ലേജില്‍ കായിക താരങ്ങളുടെ മുറികളില്‍ എസി അനുവദിച്ചിരുന്നില്ല. കാര്‍ബണ്‍ ഫുട്പ്രിന്റ് തടയുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കലാണ് സംഘാടകര്‍ ഇതിനു കാരണമായി പറഞ്ഞത്.

എന്നാല്‍ പാരിസില്‍ ഉഷ്ണതരംഗം കാരണം ചൂട് മിക്കപ്പോഴും 40 ഡിഗ്രിക്ക് മുകളിലാണ്. ഒളിംപിക്‌സ് തുടങ്ങും മുന്‍പ് തന്നെ മിക്ക രാജ്യങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ എസി അനുവദിക്കില്ലെന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്. ഫാന്‍, തറയുടെ അടിയിലെ ശീതീകരണ സംവിധാനം, ഇന്‍സുലേഷന്‍ എന്നിവയാണ് പകരമായി താരങ്ങള്‍ക്ക് അനുവദിച്ചത്.

ഗെയിംസ് വില്ലേജില്‍ എസി അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ചെക്കോണ്‍ നേരത്തെ സംഘാടകരെ സമീപിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. പിന്നാലെയാണ് താരം മത്സര ശേഷം പാര്‍ക്കില്‍ പോയി കിടന്നുറങ്ങിയത്. അസഹനീയമായ ചൂടാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് താരത്തെ നയിച്ചത്.

വില്ലേജില്‍ അത്‌ലറ്റുകള്‍ക്കു നല്‍കുന്ന ഭക്ഷണവും മഹാ മോശമാണെന്നു ചെക്കോണ്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങളാല്‍ പല താരങ്ങളും വില്ലേജിനു പുറത്താണ് താമസിക്കുന്നതെന്നും ചെക്കോണ്‍ നേരത്തെ ചൂണ്ടിക്കാട്ടി.

അതേസമയം ഇക്കാര്യം ശ്രദ്ധയിൽ പെട്ട കായിക മന്ത്രാലയം നാൽപ്പത് പോർട്ടബിൾ എയർകണ്ടീഷണറുകൾ എത്തിച്ചുനൽകിയിരിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവുമായി ചർച്ച ചെയ്തശേഷമാണ് എസികൾ അയച്ച് നൽകിയത്. പാരിസിലെ ചൂടും ഹ്യൂമിഡിറ്റിയും താരങ്ങൾക്ക് താങ്ങാനാകുന്നതിനുമപ്പുറമാണെന്ന് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ മനസിലായതായി. തുടർന്നാണ് എസികൾ അയച്ച് നൽകാൻ തീരുമാനിച്ചത്. എസികളെത്തിയതോടെ സമാധാനമായി വിശ്രമിച്ചും പരിശീലിച്ചും മത്സരത്തിന് തയ്യാറാവാൻ സാധിക്കുന്നുണ്ടെന്ന് താരങ്ങൾ പറഞ്ഞു. മനസറിഞ്ഞ് സഹായിച്ച ഇന്ത്യൻ സർക്കാരിനും അവർ നന്ദി പറഞ്ഞു.

ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരാജ്യങ്ങളും പാരിസിലെ കാലാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതിയായ എസികൾ ഒരുക്കി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഗെയിംസ് വില്ലേജിൽ ചൂട് കുറയ്ക്കാനാവശ്യമായ മറ്റ് നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു നടപടികളുമുണ്ടായില്ല.അമേരിക്കയിൽ നിന്നുള്ള താരങ്ങൾ എസികളുമായാണ് എത്തിയത്. മറ്റ് ചില രാജ്യങ്ങളും എസികളെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *