സുനിത വില്ല്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശത്ത് പുതിയ അതിഥികൾ; സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി

 സുനിത വില്ല്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശത്ത് പുതിയ അതിഥികൾ; സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി

ഫ്ളോറിഡ: സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയിലെത്തി. അംഗങ്ങൾ ബഹിരാകാശത്ത് എത്തിയതിന്റെ വിഡിയോ നാസ പുറത്തുവിട്ടിട്ടുണ്ട്. സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനായിട്ടാണ് ഈ ദൗത്യം.

ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച ഫ്‌ളോറിഡയിലെ കേപ് കനാവറലിൽ നിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 10.47 നാണ് പുറപ്പെട്ടത്. പേടകത്തിലുണ്ടായിരുന്ന നാസയുടെ തന്നെ ശാസ്ത്രജ്ഞരായ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബഹിരാകാശത്ത് എത്തിയതായി ദൗത്യത്തിന്റെ തത്സമയ സ്ട്രീമിൽ കാണാം. ഇവർ അഞ്ച് മാസം ബഹിരാകാശത്ത് തങ്ങുമെന്നും നാസ അറിയിച്ചു.

ഡോക്കിങ് പൂർത്തിയാക്കിയ ശേഷം, നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ ഗോർബുനോവും ബഹിരാകാശ നിലയത്തിൽ സഹപ്രവർത്തകരെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ജൂണിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.2025 ഫെബ്രുവരിയിലായിരിക്കും ഇവർ ക്രൂ-9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുക.

2024 ജൂൺ 6 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുകയാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബാരി വിൽമോറും. ഇവരെ ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ച് മാസങ്ങൾ നീണ്ട ദൗത്യത്തിനായി ആണ് ക്രൂ9 വിക്ഷേപിച്ചിരിക്കുന്നത്. കേപ്പ് കനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9.

അഞ്ചുമാസ ദൗത്യത്തിനുശേഷം മടങ്ങുമ്പോൾ സുനിതയെയും ബുച്ച്‌ വിൽമോറിനെയും കൂടെക്കൂട്ടാനായി പേടകത്തിൽ സീറ്റുകൾ ഒഴിച്ചു ഇട്ടിട്ടുണ്ട്. വ്യാഴാഴ്ച പുറപ്പെടേണ്ട ദൗത്യം ഫ്ലോറിഡയിൽ വീശിയടിച്ച ഹെലൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ജൂൺ അഞ്ചിന്‌ എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിന്റെ തകരാറിനെ തുടർന്ന്‌ അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് ഇവരില്ലാതെ പേടകം തിരിച്ചിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *