ഡെങ്കിപ്പനിക്കും ചിക്കുൻ സമാനമായ ലക്ഷണങ്ങൾ; ലോകത്ത് ആദ്യത്തെ ഒറോപൗഷെ വൈറസ് മരണം ബ്രസീലിൽ
ബ്രസീൽ: ലോകത്ത് ആദ്യ ഒറോപൗഷെ മരണം ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ബ്രസീൽ ആരോഗ്യമന്ത്രാലയം ആണ് ഗബാധിതരായി രണ്ടുപേർ മരണപ്പെട്ട വിവരം പുറത്തുവിട്ടത്. മുപ്പതുവയസ്സിനു താഴെയുള്ള ബഹിയ സ്വദേശികളായ യുവതികളാണ് മരണപ്പെട്ടത്.
ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവർക്കും ഉണ്ടായിരുന്നത്. രോഗബാധിത പശ്ചാത്തലത്തിൽ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കൻ ബ്രസീലിലെ സാന്റാ കാറ്ററിനയിൽ നിന്നുള്ള മറ്റൊരു മരണത്തിന് രോഗവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഈ വർഷം മാത്രം ഇരുപതു രാജ്യങ്ങളിലായി 7,2000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവയിലേറെയും ബ്രസീലിൽ തന്നെയാണ്.
എന്താണ് ഒറോപൗഷെ ഫീവർ?
Orthobunyavirus oropoucheense എന്ന വൈറസാണ് രോഗകാരണമാകുന്നത്. 1955-ൽ ട്രിനിഡാഡിലും ടുബാഗോയിലുമാണ് ലോകത്താദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലുമാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയിട്ടുള്ളത്. 1960-ലാണ് ബ്രസീലിൽ ആദ്യമായി സ്ലോത്തിൽ രോഗം സ്ഥിരീകരിക്കുന്നത്. 1961-ൽ ഏകദേശം പതിനൊന്നായിരം കേസുകൾ ഉണ്ടായിരുന്നുവെന്ന് ദി ലാൻസെറ്റ് ജേർണലിൽ പറയുന്നു.
അന്നുമുതൽ ഇടയ്ക്കിടെ രോഗം സ്ഥിരീകരിക്കാറുണ്ട്. ആമസോൺ പ്രദേശത്തും പനാമ, അർജന്റീന, ബൊളീവിയ, ഇക്വഡോർ, പെറു, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലും രോഗബാധിതർ ഉണ്ടായിട്ടുള്ളത്.
വൈറസ് വാഹകരായ ചെറിയ ഈച്ചകളും കൊതുകുകളും കടിക്കുന്നതിലൂടെയാണ് രോഗം ബാധിക്കുന്നത്. Culicoides paraenses കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്ക്കും സമാനമായ ലക്ഷണങ്ങളാണ് പൊതുവേ കണ്ടുവരാറുള്ളത്.
ലക്ഷണങ്ങൾ
വൈറസ് വാഹകരായ കൊതുകുകൾ കടിച്ച് നാലുമുതൽ എട്ടുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഒരാഴ്ചയോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. പനി, തലവേദന, സന്ധിവേദന, പേശിവേദന, ചർമത്തിൽ ചൊറിച്ചിൽ, ഓക്കാനം, ഛർദി, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. അമിതമായ തലവേദന, അപസ്മാരം, ആശയക്കുഴപ്പം തുടങ്ങിയ സങ്കീർണതകൾ അനുഭവപ്പെട്ടാൽ വിദഗ്ധ ചികിത്സയ്ക്ക് ഒട്ടും വൈകരുത്.
ചികിത്സ
രോഗബാധിതരായ ഏഴുദിവസത്തിനുള്ളിൽ മിക്കരോഗികളും രോഗമുക്തരാകാറാണ് പതിവ്. രോഗം ഗുരുതരമാകാനുള്ള സാധ്യതയും അപൂർവമാണ്. ഒറോപൗഷെ ഫീവറിന് മാത്രമായുള്ള പ്രത്യേകചികിത്സയോ പ്രതിരോധവാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുക എന്നതാണ് പ്രധാന പ്രതിരോധമാർഗം. ലക്ഷണങ്ങൾക്ക് അനുസരിച്ച് അവ കുറയ്ക്കാനുള്ള ചികിത്സയാണ് പൊതുവേ നൽകിവരുന്നത്. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുകയും വേണം.