സീറ്റുകൾ കാലി, തിക്കും തിരക്കുമില്ല; ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം മുണ്ടക്കൈയിൽ കെഎസ്ആർടിസി വീണ്ടും ഓടി
മേപ്പാടി: ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം മുണ്ടക്കൈയിൽ കെഎസ്ആർടിസി ബസ് വീണ്ടും ഓടി തുടങ്ങി. ചൂരൽമല വരെയെ ഓടിയൊള്ളു. ബസിൽ കയറാൻ സ്ഥിരം യാത്രക്കാരില്ല കൈകാണിക്കാൻ ആരുമില്ല, സീറ്റുകൾ കാലി. ടിക്കറ്റ് എടുക്കാനോ വിശേഷങ്ങൾ പറയാനോ ആരുമില്ല, എങ്ങനെ പറയും ദുരന്തത്തിന്റെ അവശേഷിപ്പുകൾ ക്യാമ്പിൽ ഉറ്റവരെയോർത്ത് തെങ്ങുകയാണ്.
പ്രിയപ്പെട്ടവരില്ലാതെ ആ ബസ് ദുരന്തഭൂമിയായ ചൂരൽമലവരെ പോയി. കെ.എൽ. 15 7413 മുണ്ടക്കൈയുടെ സ്വന്തം കെ.എസ്.ആർ.ടി.സി.യാണ്. എന്നും അതിരാവിലെ കല്പറ്റയിൽനിന്ന് മുണ്ടക്കൈയിൽ പോയി നിറയെ ആളുകളുമായി വരുന്ന ബസ്. ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം അതേ വണ്ടി ഓടി, ആളനക്കമില്ലാതെ വിജനമായ വഴിയിലൂടെ…
ചൊവ്വാഴ്ച രാവിലെ 6.15-ന് കല്പറ്റയിൽനിന്ന് പുറപ്പെട്ടു. ‘‘സ്ഥിരമായി പോകുന്ന റൂട്ടാണ്, മുൻപ് കാപ്പംകൊല്ലി എത്തുമ്പോൾ മുണ്ടക്കൈയിലേക്ക് ഒട്ടേറെപ്പേർ കയറും. തിരികെവരുമ്പോൾ മുണ്ടക്കൈയിൽനിന്നും ചൂരൽമലയിൽനിന്നുമെല്ലാം സ്ഥിരം യാത്രക്കാരുണ്ടാവും. പേരറിയില്ലെങ്കിലും അവരൊക്കെ പരിചയക്കാരായിരുന്നു. പക്ഷേ, യാത്രയിലെവിടെയും പരിചയമുള്ളൊരു മുഖംപോലും കണ്ടില്ല’’- കണ്ടക്ടറായ സി. അഷറഫ് പറഞ്ഞു.
പാലമില്ലാത്തതിനാൽ ചൂരൽമലവരെയേ ഓടിയുള്ളൂ. സ്ഥിരമായി യാത്രക്കാരെ കയറ്റിയിരുന്ന ചൂരൽമല അങ്ങാടി ഇല്ലാതായിപ്പോയത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അഷ്റഫ് പറഞ്ഞു.
ഏഴരയോടെ തിരിച്ചപ്പോഴും ചൂരൽമലയിൽനിന്ന് കയറാൻ ആളുണ്ടായില്ല. കള്ളാടിയിൽനിന്നാണ് യാത്രക്കാർ കയറിയത്. ഇത്ര മരവിച്ചമനസ്സോടെ താൻ ഇതുവരെ വണ്ടിയോടിച്ചിട്ടില്ലെന്ന് ഡ്രൈവർ എ.പി. അനിൽകുമാർ പറഞ്ഞു.
‘‘രാവിലെ 6.55-ന് മുണ്ടക്കൈയിലെത്തി 7.15-ന് ബസ് കല്പറ്റയ്ക്ക് തിരിക്കും. ആ ചെറിയ ഇടവേളയിൽ മുണ്ടക്കൈയിലെ കടയിൽ നിന്നാണ് ഞങ്ങൾ ചായ കുടിക്കാറ്്. ബസ് നിർത്തിയിറങ്ങുമ്പോഴേക്കും ഞങ്ങൾക്കുള്ള ചായ റെഡിയായിട്ടുണ്ടാവും. അത്ര പരിചയമായിരുന്നു. ആ കടയിപ്പോഴില്ല. പരിചിതരായവരിൽ പലരും കാണാമറയത്തുമായി’’ -സങ്കടംപറഞ്ഞ് അഷ്റഫ് ഡബിൾ ബെല്ലടിച്ചു.