ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; രോഗ ലക്ഷണങ്ങൾ എന്തൊക്കെ? വ്യാപനം തടയാൻ ശീലമാക്കാം ആറ് കാര്യങ്ങൾ
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. 30 കോടിയിലധികം ആളുകൾക്ക് ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരൾ വീക്കം ബാധിച്ചിരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഓരോ വർഷവും 13 ലക്ഷത്തിലധികം ആളുകൾ മരിക്കുന്നു. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിവയാണ് അവയ്ക്ക് നൽകിയിരിക്കുന്ന പേരുകൾ.
എ, ഇ വൈറസുകൾ അത്ര ഭീകരരല്ല. ഇവ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കില്ല. എന്നാല്‍ ബി, സി വൈറസുകള്‍ ശരീരത്തില്‍ ദീർഘകാലം നിലനിൽക്കുകയും ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണമാകുന്നതും ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. പല ദൈനംദിന ശീലങ്ങളും ഹെപ്പറ്റൈറ്റസ് പിടിപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഹെപ്പറ്റൈറ്റിസിനെ അകറ്റി നിർത്താൻ ശീലത്തിൽ മാറ്റം വരുത്താം
1. മലിന ജലം/ഭക്ഷണം
മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുക.
പരിഹാരം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക.
പാകം ചെയ്യാത്തതോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക
തുറന്ന് വെച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരെ വാക്സിനേഷൻ എടുക്കുക.
2. കുത്തിവെപ്പിന് സൂചികളുടെ പുനരുപയോഗം
കുത്തിവെപ്പിന് സൂചികളുടെ പുനരുപയോഗം ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത രീതികൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ വ്യാപനം വർധിപ്പിക്കുന്നു.
പരിഹാരം
ഉപകരണങ്ങൾ അണുവിമുക്തമെന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
രക്തപ്പകർച്ചകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
സൂചികൾ അല്ലെങ്കിൽ സിറിഞ്ചുകൾ ഒരിക്കലും പങ്കിടരുത്
3. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾക്കുള്ള പ്രാഥമിക സംക്രമണ മാർഗമാണ്.
പരിഹാരം
വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കാൻ കോണ്ടം ഉപയോഗിക്കുക.
ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനേഷൻ എടുക്കാന്‍ ശ്രദ്ധിക്കുക.
പതിവ് എസ്ടിഐ പരിശോധന രോഗ നിർണത്തിന് ഗുണം ചെയ്യും.
4. ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്നത്
അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ടാറ്റൂ ചെയ്യുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് പകരാന്‍ സാധ്യത കൂട്ടുന്നു.
പരിഹാരം
ടാറ്റൂ ചെയ്യുന്നതിന് ലൈസൻസുള്ള പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുക.
ഉപയോഗിക്കുന്നതിന് മുമ്പ് ഉപകരണങ്ങൾ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കുക.
അലര്‍ജി പോലുള്ളവ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ടാറ്റൂ ചെയ്യുക
5. മദ്യത്തിൻ്റെ ഉപഭോഗം
അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. ഇത് കരളിനെ ഹെപ്പറ്റൈറ്റിസ് അണുബാധ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പരിഹാരം
മദ്യപാനം നിയന്ത്രിക്കുക.
6. ഉദാസീനമായ ജീവിതശൈലി
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പൊണ്ണത്തടിക്കും ഫാറ്റി ലിവർ ഡിസീസിനും കാരണമാകുന്നു. ഇത് കരൾ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ഹെപ്പറ്റൈറ്റിസ് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പരിഹാരം
ചിട്ടയായ വ്യായാമം ചെയ്യുക
ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.
വ്യക്തിഗത ഫിറ്റ്നസ് പ്ലാനുകൾക്കായി വിദഗ്ധരുടെ ഉപദേശം തേടുക