തീർത്ഥാടനത്തിന് തടസമായി റീലുകളും സെൽഫികളും; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലിന് വിലക്കേർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ
റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സമാകുന്നതിനാൽ ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ക്ഷേത്രങ്ങളില്‍ എത്തുകയും വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഉപയോഗം വിലക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പങ്കെടുത്ത ചാര്‍ധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാരികള്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുക്കുന്നതും വീഡിയോകള്‍ ചിത്രീകരിക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രങ്ങളുടെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനും വീഡിയോ ചിത്രീകരണം മൂലം തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
അതോടൊപ്പം, ചാര്‍ ധാം തീര്‍ഥാടന പാതകളിലേക്ക് രജിസ്റ്റർ ചെയ്ത വാഹനങ്ങളെ മാത്രമേ പ്രവേശിപ്പിക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി. ചാര്‍ധാം തീര്‍ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍തന്നെ നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് ക്ഷേത്ര പരിസരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലാണ് തീര്‍ഥാടകരുടെ പ്രവാഹം. ഇതിനിടയില്‍ ചിലര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം വീഡിയോകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. സ്വാഭാവികമായ തീര്‍ഥാടനത്തെ ഇത് ബാധിക്കാന്‍ തുടങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
തീര്‍ഥാടകരുടെ എണ്ണം നിയന്ത്രണാതീതമായത് ദുരന്തനിവാരണ പ്രവര്‍ത്തകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ക്കണ്ട് കര്‍ശനമായ നിയന്ത്രണത്തിലാണ് നിലവില്‍ ചാര്‍ധാം യാത്ര പുരോഗമിക്കുന്നത്. എല്ലാ ചെക്ക് പോയന്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാത്തവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കാറുള്ളത്. ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര വളരെ കഠിനമാണ്.